| Monday, 22nd May 2023, 9:24 am

കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്: ബി.ജെ.പിക്കൊപ്പം കെജ്‌രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വീണ്ടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ബി.ജെ.പിക്കൊപ്പം ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ദല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍.

മുതിര്‍ന്ന കേന്ദ്ര മന്ത്രി അജയ് മാക്കനും, മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും മുന്‍ എം.പിയുമായിരുന്ന സന്ദീപ് ദീക്ഷിതുമാണ് വിമര്‍ശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ അഴിമതിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് സന്ദീപ് പറഞ്ഞത്. അഴിമതി കാരണം അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാകും കെജ്‌രിവാള്‍ എന്നും അദ്ദേഹം പറഞ്ഞു.

‘ഇത് കെജ്‌രിവാളിന്റെ തോറ്റ സര്‍ക്കാരാണ്. അദ്ദേഹം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. രാജ്യത്ത് ആദ്യമായി ജയിലില്‍ പോകുന്ന മുഖ്യമന്ത്രിയായി അദ്ദേഹം മാറും. ഇത്രയും പരുക്കനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹം ഉപയോഗിക്കുന്ന മോശമായ ഭാഷ കൊണ്ട് ആരും കെജ്‌രിവാളിനോട് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. ദല്‍ഹിയിലോ ലെഫ്‌നന്‍ ഗവര്‍ണറുടെ കൂടെയോ ഉള്ള ആരോടും നിങ്ങള്‍ക്ക് ഇതിനെപ്പറ്റി അന്വേഷിക്കാം,’ ദീക്ഷിത് എ.എന്‍.ഐയോട് പറഞ്ഞു.

അതേസമയം ഷീല ദീക്ഷിതിന്റെ കയ്യില്‍ നിന്ന് ലഭിച്ച ഉപദേശങ്ങള്‍ കെജ്‌രിവാളിനായി പങ്കുവെക്കുകയായിരുന്നു അജയ് മാക്കന്‍. ഉദ്യോഗസ്ഥരോട് മാന്യമായി ഇടപെടണമെന്നും എങ്കില്‍ അവരും ആത്മാര്‍ത്ഥമായി കൂടെ നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

കെജ്‌രിവാളിന്റെ അധികാര ദുര്‍വിനിയോഗത്തിനിടയില്‍ ഷീലാ ജീയോടൊപ്പമുള്ള ഒരു ദിവസം എന്ന പേരിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഷീലാ ജീയുടെ കീഴില്‍ വൈദ്യുതി, ടൂറിസം മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന 2000 കാലഘട്ടം. ആ സമയത്ത് പൊതുഗതാത സംവിധാനം സി.എന്‍.ജിയിലേക്ക് മാറ്റുക, മെട്രോ തുടങ്ങുക, വൈദ്യുതി വകുപ്പിനെ നവീകരിക്കുക, തുടങ്ങിയ നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.

ഞങ്ങളുടെ പരസ്പരമുള്ള ഫോണ്‍ കോളിലൂടെയായിരുന്നു ഒരു ദിവസം ആരംഭിക്കുന്നതെന്ന് ഞാന്‍ ഓര്‍മിക്കുന്നു. പ്രശ്‌നങ്ങള്‍ പറയുക, വാര്‍ത്താ തലക്കെട്ടുകള്‍ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ മെനയുക, ആശയങ്ങള്‍ കൈമാറുക എന്നിവയായിരുന്നു ദൈനംദിനമുള്ള പുരോഗതിയുടെ കാതല്‍,’ അദ്ദേഹം പറഞ്ഞു.

ആ സമയത്ത് അദ്ദേഹത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സിദ്ധുശ്രീ ഖുല്ലാറിന്റെ സ്ഥാന മാറ്റത്തെ തുര്‍ന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും അത് ഷീലാ ദീക്ഷിത് കൈകാര്യം ചെയ്ത രീതിയും സൂചിപ്പിക്കുകയായിരുന്നു അജയ് മാക്കന്‍.

‘ പുതിയ ഉദ്യോഗസ്ഥനെ വിളിച്ചിട്ട് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിയമനത്തില്‍ സന്തുഷ്ടവതിയാണെന്ന് പറയണം. അദ്ദേഹത്തെ ചായ സല്‍ക്കാരത്തിന് ക്ഷണിക്കണമെന്നും ഷീല ജീ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ഷീലയുടെ ഭരണത്തിന്റെ ആദ്യ ആറ് വര്‍ക്കാലം ഫലപ്രദമായിരുന്നുവെന്ന് പറഞ്ഞ അജയ് മാക്കന്‍ ഇത് ഇപ്പോഴത്തെ മുഖ്യമന്ത്രി കണ്ട് പഠിക്കണമെന്നും പറഞ്ഞു.

‘ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണം. സംഭാഷണം നടത്തണം. നിങ്ങളുടെ മുമ്പുള്ള പ്രവര്‍ത്തികളായ ദൈവ ഭക്തിയല്ലാത്ത സമയങ്ങളില്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുക, മോശം വാക്കുകള്‍ ഉപയോഗിക്കുക, മോശമായി പെരുമാറുക എന്നിവ ക്രിയാത്മകമായിരുന്നില്ല. അത്തരം പെരുമാറ്റം നഗരത്തിന്റെ ദുരിതത്തിലേക്ക് നയിക്കും,’ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നേതാക്കള്‍ പരിശ്രമിക്കുന്ന വേളയില്‍ മറ്റുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കെജ്‌രിവാളിനെ പിന്തുണച്ച് മുമ്പില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുടെ നിലപാട് സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സിനെതിരെ പോരാടുന്ന കെജ്‌രിവാളിന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആം ആദ്മിക്കൊപ്പമാണെന്നും ഇരുവരും പ്രഖ്യാപിച്ചു.

അതേസമയം വിഷയത്തെ പ്രതിപക്ഷ കൂട്ടായ്മയിലൂടെ നേരിടാന്‍ തന്നെയാണ് കെജ്‌രിവാളിന്റെ തീരുമാനം. ഓര്‍ഡിനന്‍സിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടുമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ബുധനാഴ്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെ, വ്യാഴാഴ്ച എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെ കാണാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

CONTENT HIGHLIGHT: Central Government Ordinance: Leaders criticize Kejriwal along with BJP

We use cookies to give you the best possible experience. Learn more