| Wednesday, 29th April 2020, 8:02 pm

ലോക്ക്ഡൗണില്‍ കുടങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള നടപടി സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം; പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ കൊണ്ട് വരുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍.

ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടി സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന.

കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കുന്നവര്‍ക്ക് റോഡുമാര്‍ഗം യാത്ര അനുവദിക്കാമെന്നും ബസുകള്‍ അണുവിമുക്തമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. നാട്ടിലെത്തിയാല്‍ ഇവരെ ക്വാറന്റൈന്‍ ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ഏകോപന കമ്മിറ്റികള്‍ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാര്‍ഗ രേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് എത്തുന്ന ആളുകള്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം, അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്.ഒരു കൂട്ടം ആളുകള്‍ യാത്ര ചെയ്യുന്നുവെങ്കില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ആലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത് എന്നും കേന്ദ്രം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more