ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി.
നോട്ട് നിരോധനത്തിന് സമാനമാണ് കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ പുതിയ നീണ്ട വരികള്‍ കാണാന്‍ കഴിയും, പണം, ആരോഗ്യം, ജീവിതം എന്നിവ നഷ്ടപ്പെടും, അവസാനം കുറച്ച് മുതലാളിമാര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെയും സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. വാക്‌സിന്‍ വിതരണമല്ല വാക്‌സിന്‍ തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ഉണ്ടാവുകയില്ല. വില നിയന്ത്രണങ്ങളില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ഉറപ്പുവരുത്തുന്നില്ല എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പുറത്തുവന്നത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം.
നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയര്‍ന്നേക്കാം.
അതേസമയം സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവച്ചവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാന്‍ ഉള്ള അനുമതി ഉണ്ടാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക