ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം
ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. വിലക്ക് ലംഘിച്ച് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കാനും പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി നാഷണല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്ഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമര പരിപാടികള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
കൂട്ട കാഷ്വല്‍ ലീവ് എടുക്കല്‍, മെല്ലെപ്പോക്ക്, കുത്തിയിരിപ്പ് സമരങ്ങള്‍ തുടങ്ങിയ സമരരീതികളൊന്നും പാടില്ലെന്നാണ് നിര്‍ദേശം. ഉത്തരവ് ലംഘിക്കുന്നത് 1964 ലെ സി.സി.എസ്(കോണ്ടക്ട്) നിയമത്തിലെ ഏഴാം വകുപ്പിന്റെ ലംഘനമാണെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടല്‍ നടപടികളടക്കം ജീവനക്കാര്‍ക്കെതിരെ കൈകൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു.
ഇതിന് പുറമെ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടയുമെന്നും നിര്‍ദേശമുണ്ട്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ജീവനക്കാര്‍ക്കിടയില്‍ നിന്നും ഉയരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരുന്നു.
ഇതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തുവരുന്നത്. സമരത്തിനിടെ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കാനും ഇവരുടെ എണ്ണം പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlight: central government new advise to government employees