| Wednesday, 11th July 2018, 10:41 am

ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിന് സംശുദ്ധിയുണ്ട്: വിവാഹേതര ബന്ധത്തില്‍ സ്ത്രീകളെ കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹേതര ബന്ധത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളേയും കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

വിവാഹിതയുമായി “അവിഹിതബന്ധം” പുലര്‍ത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദ് ചെയ്യാതെ പുതിയ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം.

ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ വകുപ്പ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറയുന്നു. സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.


Read: ഫീസ് കൊടുത്തില്ല: 16 പെണ്‍കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ട് അധികൃതരുടെ പ്രതികാരം


പുരുഷനോടൊപ്പം “കുറ്റം”ചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹര്‍ജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

“പരപുരുഷ”ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, “മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം” എന്ന മളീമത് കമ്മിറ്റിയുടെ ശുപാര്‍ശയെ ആധാരമാക്കിയാണ് കേന്ദ്രം നിയമഭേദഗതിക്ക് നീങ്ങുന്നത്.


Read:  വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അഭിമന്യൂവിന്റെ ജൂലി ടീച്ചര്‍; പത്ത് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് അഭിമന്യൂവിന്റെ അച്ഛന്‍


നിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് ലോ കമ്മിഷന്‍ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു. “പരപുരുഷ” ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല.

സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷന് അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാം. എന്നാല്‍, “പരസ്ത്രീഗമനം” നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല.

പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് 497- വകുപ്പെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വകുപ്പിന്റെ നിയമസാധുതയില്‍ സുപ്രീംകോടതി നേരത്തേ സംശയമുന്നയിച്ചിരുന്നു.

ഒരു സ്ത്രീ, ഭര്‍ത്താവിന്റെ സമ്മതത്തോടെ പരപുരുഷബന്ധത്തിലേര്‍പ്പെട്ടാല്‍ കുറ്റകരമല്ല എന്നുവരുമ്പോള്‍, അവള്‍ ഉപഭോഗവസ്തുവായിമാത്രം ചുരുങ്ങുകയല്ലേയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു.


Read:  സ്വവര്‍ഗ്ഗാനുരാഗം മാനസികരോഗമല്ലെന്ന് ഇന്ത്യന്‍ സൈക്കാര്‍ട്ടിയാക്ക് അസോസിയേഷന്‍


സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെന്നും 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം വാക്കാല്‍ നിരീക്ഷിച്ചു.

എന്നാല്‍, അദ്ദേഹത്തിന്റെ അച്ഛന്‍ ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ ബെഞ്ചാണ് 1985ല്‍ ഈ വിഷയത്തില്‍ മറ്റൊരു നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്.

സ്ത്രീയല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്നകാര്യം പൊതുവേ അംഗീകരിക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ വിധി.

We use cookies to give you the best possible experience. Learn more