ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധമുന്നറിയിപ്പ് നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തിയേറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ പുകയില വിരുദ്ധ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിനെ തുടര്‍ന്നാണ് പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നത്. ഇതിനായി ആരോഗ്യ മന്ത്രാലയം, ഐ.ടി മന്ത്രാലയം എന്നിവയുടെ അഭിപ്രായം സര്‍ക്കാര്‍ തേടി.
ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട് സ്റ്റാര്‍, തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളോടും വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തിയേറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിനു മുമ്പും, ലഹരിയുമായി ബന്ധപ്പെട്ട സീനുകള്‍ കാണിക്കുമ്പോള്‍ ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന’ ടൈറ്റിലുകളും മുപ്പത് സെക്കന്റില്‍ കുറയാത്ത പരസ്യങ്ങളും ഉള്‍പ്പെടുത്താറുണ്ട്.
എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന സിനിമകള്‍ക്ക് ഇതുവരെയും ഇത് ബാധകമല്ലായിരുന്നു. പക്ഷെ ഈ ആരോഗ്യ, ഐ.ടി വകുപ്പുകളുടെ നിര്‍ദേശം ലഭിച്ച് ഈ നിയമം നടപ്പിലാകുന്നതോടെ ഒ.ടി.ടിക്കും ഇത് ബാധകമാകും. ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഒ.ടി.ടിയിലും നടപ്പിലാക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്രം ഇത്തരത്തിലുള്ള ഒരു നീക്കത്തിനൊരുങ്ങുന്നത്. ആഗോള യൂത്ത് ടുബാക്കോ 2019ല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 13നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അഞ്ചിലൊരാള്‍ പുകയില ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്.
അതേസമയം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് ഒമര്‍ ലുലു സിനിമയായ നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. അബ്കാരി, എന്‍.ഡി.പി.എസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗത്തിന്റെ രംഗങ്ങളാണ് ഉള്ളത്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
content highlight: central government make tobacco warning mandatory in ott platform too