| Tuesday, 7th June 2022, 3:30 pm

'ജമ്മുകശ്മീരിലെ സ്ഥിതി വഷളാക്കിയതിന്റെ പ്രധാന കാരണം കേന്ദ്രസര്‍ക്കാര്‍': വിമര്‍ശനവുമായി ലെഫ്. ജനറല്‍ ദീപേന്ദ്ര സിംഗ് ഹൂഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സുരക്ഷ വഷളായതിന് പ്രധാന കാരണം കേന്ദ്ര സര്‍ക്കാരെന്ന് നോര്‍ത്തേണ്‍ കമാന്റിന്റെ മുന്‍ ജനറല്‍ ഓഫീസര്‍ ലഫ്. ദീപേന്ദ്ര സിംഗ് ഹൂഡ.

കശ്മീരില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതാകില്ലെന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഡബ്ലൂ ഇംഗ്ലീഷ് എന്ന മാധ്യമ സ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘നിലവിലെ കൊലപാതകങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി കൂട്ടിച്ചേര്‍ത്ത് പറയാന്‍ കഴിയുമോ എന്ന് അറിയില്ല. തങ്ങള്‍ ജയിക്കുകയാണെന്ന് കാണിക്കാനാണ് തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത്. ഇത് തീവ്രവാദികള്‍ക്ക് സാധിക്കണമെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യേണ്ടി വരും.

ജമ്മുകശ്മീരില്‍ പ്രശ്‌നങ്ങളൊന്നുമില്ല, എല്ലാം നിയന്ത്രണത്തിലാണന്ന് പറഞ്ഞത് സര്‍ക്കാരാണ്. കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരകളിലേക്ക് പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചതും സര്‍ക്കാര്‍ തന്നെയായിരുന്നു. ഓരോ തവണയും കശ്മീരി പണ്ഡിറ്റോ, ഹിന്ദുവോ മരിച്ചു വീഴുമ്പോഴും സര്‍ക്കാര്‍ ദുര്‍ബലരാണന്ന് കാണിക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്,’ ഹൂഡ പറഞ്ഞു.

കശ്മീരില്‍ നടക്കുന്ന സംഭവങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് ഉണ്ടായാല്‍ പ്രശ്‌നങ്ങള്‍ക്ക് അറുതിയുണ്ടാകുമോ എന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് രാഷ്ട്രീയമായ ഒരിടം നല്‍കണമെന്നായിരുന്നു ഹൂഡയുടെ പ്രതികരണം.

‘ജനങ്ങള്‍ക്ക് രാഷ്ട്രീയമായ ശബ്ദം കൊടുക്കേണ്ടതുണ്ട്. ആരെ തെരഞ്ഞെടുക്കണമെന്നത് അവരുടെ അഭിപ്രായമാണ്. അവരും ജനാധിപത്യത്തിന്റെ ഭാഗമാണ്. നിലവില്‍ കശ്മീരില്‍ രാഷ്ട്രീയപരമായി വലിയൊരു ശൂന്യതയുണ്ട്. ആരാണ് അത് നികത്താന്‍ പോകുന്നത്? പൂര്‍ണമായി ഒരു പ്രദേശത്ത് നിന്നും രാഷ്ട്രീയത്തെ തുടച്ചുമാറ്റും, എന്നിട്ട് എല്ലാം ദല്‍ഹിയില്‍ നിന്ന് ചെയ്യും എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Central government is the key reason for the problems in Kashmir

We use cookies to give you the best possible experience. Learn more