ന്യൂദൽഹി: പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രസിദ്ധീകരണത്തിൽ കേന്ദ്രസർക്കാർ കൈകടത്തൽ അനുവദിക്കുന്ന പത്ര, ആനുകാലിക രജിസ്ട്രേഷൻ ബിൽ പാസാക്കി ലോക്സഭ.
പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിൽ എതിർപ്പുകൾ ഉയർന്ന നിരവധി ബില്ലുകൾ ഇതിനകം ലോക്സഭയിൽ പാസാക്കിയിരിക്കുകയാണ്.
ഓഗസ്റ്റിൽ രാജ്യസഭ പാസാക്കിയ ബിൽ പത്രങ്ങളുടെ നടത്തിപ്പിൽ കേന്ദ്ര സർക്കാരിന് അതിക്രമിച്ചു കടക്കാനുള്ള വ്യവസ്ഥകളുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ് നേരത്തെ ആരോപിച്ചിരുന്നു.
1867ലെ പത്ര, പുസ്തക രജിസ്ട്രേഷൻ നിയമത്തിന് പകരമുള്ളതാണ് പുതിയ ബിൽ. ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോട് കൂടി നിയമമാകും.
ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഉടമയോ പ്രസാധകനോ നിയമവിരുദ്ധ പ്രവർത്തനത്തിലോ രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനത്തിലോ ശിക്ഷിക്കപ്പെട്ടാൽ പ്രസിദ്ധീകരണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും.
1967ലെ യു.എ.പി.എ നിയമപ്രകാരമാണ് ഉടമകൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയോ എന്ന് നിർവചിക്കുക.
പ്രസിദ്ധീകരണങ്ങളുടെ ഉടമകളുടെയും പ്രസാധകരുടെയും പക്കലുള്ള ഏത് രേഖയും പരിശോധിക്കുവാനും പിഴ ചുമത്താനും പുതിയ നിയമപ്രകാരം രജിസ്ട്രാർ ജനറലിന് അധികാരമുണ്ട്.
ആനുകാലികങ്ങൾ ഇന്ത്യയിൽ മാത്രമേ അച്ചടിയും പ്രസാദനവും നടത്താവൂ എന്നും നിയമം പറയുന്നു.
അതേസമയം പുസ്തകങ്ങൾ ഒഴിവാക്കിയാണ് പുതിയ നിയമമെന്ന് ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും സസ്പെൻഡ് ചെയ്യാനും അധികാരമുള്ള പ്രസ് രജിസ്ട്രാർ ജനറൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥമായിരിക്കും.
പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നടത്തിപ്പിൽ കേന്ദ്രസർക്കാരിന് അതിക്രമിച്ചു കടക്കാൻ കഴിയുന്ന ഭീകര വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ ബിൽ പാർലമെന്ററി സ്ഥിര സമിതിക്ക് വിടണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
അതേസമയം തീവ്രവാദ കേസിൽ പെട്ടവരെ പത്രം നടത്താൻ അനുവദിക്കരുതെന്നും ജയിലിൽ അയക്കുകയാണ് വേണ്ടതെന്നും എഡിറ്റേഴ്സ് ഗിൽഡിന്റെ വിമർശനത്തിന് അനുരാഗ് ഠാക്കൂർ മറുപടി നൽകി.
Content Highlight: Central government invasion to Print Media; Loksabha passed Newspaper, Periodicals bill