| Thursday, 31st October 2019, 12:24 pm

നോട്ട് നിരോധനത്തിന് ശേഷം പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി നിശ്ചയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളപ്പണം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ത്തന്നെ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2016 ലെ നോട്ടു നിരോധനത്തിനു ശേഷം കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. ധനകാര്യവകുപ്പും റവന്യുവകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സൂചനകള്‍.

ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പുതിയ തീരുമാനം നടപ്പാക്കിത്തുടങ്ങും.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി നിശ്ചയിക്കും. പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന്റെ മൂല്യം എത്രയാണെന്ന് കണക്കാക്കും. ഈ സ്വര്‍ണത്തിന് നികുതി അടയ്ക്കേണ്ടിവരും. ആഭരണങ്ങള്‍ക്കും സ്വര്‍ണക്കട്ടികള്‍ക്കും പരിധി നിശ്ചയിക്കും.

ഗോള്‍ഡ് ആംനസ്റ്റി സ്‌കീം എന്ന പേരിലാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുക. ഈ സ്‌കീം വ്യക്തികള്‍ക്ക് കൈവശമുള്ള സ്വര്‍ണം പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. വെളിപ്പെടുത്തുന്ന സ്വര്‍ണത്തിന് നികുതി അടയ്ക്കാന്‍ സമയവും അനുവദിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ തീരുമാനിക്കും. അതിന് മുകളില്‍ സ്വര്‍ണമുള്ളവര്‍ മൂല്യം കണക്കാക്കി നികുതി അടയ്ക്കേണ്ടി വരും. നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ സമയം നല്‍കും. അതുകഴിഞ്ഞാല്‍ പിഴ ഈടാക്കും. കല്യാണത്തിന് വാങ്ങുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ഏര്‍പ്പെടുത്തും. വാങ്ങുന്ന സ്വര്‍ണത്തിന് ബില്ല് നിര്‍ബന്ധമാക്കും. വിവാഹത്തിന് വധുവിന് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്കും നിയന്ത്രണമുണ്ടായേക്കാനാണ് സാധ്യത- കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more