| Friday, 24th August 2018, 6:09 pm

700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് അന്വേഷിക്കും: കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്‌തെന്ന് പറയപ്പെടുന്ന 700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് അന്വേഷിച്ചു വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍.

സഹായം ചെയ്യാമെന്ന യു.എ.ഇയുടെ വാഗ്ദാനത്തിന് നന്ദി അറിയിച്ചാല്‍ അതിന് അര്‍ഥം സഹായം സ്വീകരിച്ചു എന്നല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് എന്ത് രേഖ നിലവിലുണ്ടെങ്കിലും സര്‍ക്കാരിന്റെ അവസാന വിശദീകരണമാണ് നിലനില്‍ക്കുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read:  യു.എ.ഇയുടെ 700 കോടി സഹായം: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയമില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്വാലെ പറഞ്ഞു. യു.എ.ഇയുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. അവ നീക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുമെന്നും അത്വാല പറഞ്ഞു.

അതേസമയം, കേരളത്തിന് 700 കോടി സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഔദ്യോഗികമായി ഇത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Read:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ച സംഭാവന 539 കോടി

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് എത്രഫണ്ട് ആവശ്യമാണെന്നതു സംബന്ധിച്ച കണക്കുകൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സഹായമായി ഒരു നിശ്ചിത തുക പ്രഖ്യാപിക്കാന്‍, കൂടിയാലോചനകള്‍ പൂര്‍ത്തിയായിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more