പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു
Daily News
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2014, 4:38 pm

petrol-01ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇനി ആഗോള വിപണിയിലെ എണ്ണ വിലക്കുറവിന്റെ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കില്ല. എക്‌സ് തീരുവ ഡീസലിനും പെട്രോളിനും 1.30 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

രാജ്യാന്തര വിപണിയിലെ എണ്ണ വില നാല് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന  സമയത്താണ്‌ കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം. ഇതോടെ  എക്‌സൈസ് തീരുവ പെട്രോളിന് 1.20 രൂപയായിരുന്നത് 2.70 രൂപയായും ഡീസലിന് 1.46 രൂപയായിരുന്നത് 2.96 രൂപയായും ഉയരും.

പരോക്ഷനികുതിയിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നടപടി എന്നാണ് കരുതപ്പെടുന്നത്. പരോക്ഷ നികുതിയിലെ ഇടിവ്  പുതിയ നടപടിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന തുക വന്‍ ആശ്വാസവുമാകും.

7000 കോടി രൂപയാണ് നികുതിയിനത്തില്‍ ഇപ്പോള്‍ സര്‍ക്കാറിന് ലഭിക്കുന്നത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം 10000 കോടിരൂപയാകും സര്‍ക്കാറിന് ഈ ഇനത്തില്‍ ലഭിക്കുക.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി രാജ്യത്തും വിലകുറയ്ക്കുന്ന സംവിധാനമാണ് നിലവിലുള്ളതെങ്കിലും രാജ്യാന്തര വിപണിയില്‍ വിലകുറയ്ക്കുന്നതിന് അനുസരിച്ച് നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.