ന്യൂദല്‍ഹി: കേന്ദ്ര സുരക്ഷാ സേനയിലേക്ക് 11,000 വനിതകളെ റിക്രൂട്ട് ചെയ്യുന്നു. അതിര്‍ത്തി സുരക്ഷ, നിയമ പരിപാലനം തുടങ്ങിയ മേഖലകളിലേക്കാണ് വനിതകളെ പരിഗണിക്കുന്നത്. സേനയില്‍ വനിതാ പ്രാധാന്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നിലവില്‍ സി.ആര്‍.പി.എഫ്, ബി.എസ്.ഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് 8,533 വനിതകളെ റിക്രൂട്ട് ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ 62,000 യുവതീയുവാക്കളെ സേനയിലെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2017 ഓടെ സശസ്ത്ര സീമാ ബെല്ലില്‍ 21 പുതിയ കമ്പനികള്‍ രൂപീകരിക്കുന്നതിനും അല്ലെങ്കില്‍ 2,772 വനിതാ ഉദ്യോഗസ്ഥരേ ഉള്‍പ്പെടുത്തുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സി.ആര്‍.പി.എഫില്‍ രണ്ട് വനിതാ ബറ്റാലിയനുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള പ്രത്യേക അനുമതിയും ലഭിച്ചിട്ടുണ്ട്.
നിലവില്‍ സേനയുടെ 2.15 ശതമാനമാണ് വനിതാ പ്രാതിനിധ്യമുള്ളതെന്നും ഇനിയുള്ള നാളുകളില്‍ കേന്ദ്ര സേനകളില്‍ വനിതാ പ്രാതിനിധ്യം 5 ശതമാനത്തോളം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നതെന്നും ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ ആളുകളെ മാത്രമേ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.