ന്യൂദല്‍ഹി: 2019-20 ല്‍ മണ്ണെണ്ണക്കുള്ള സബ്സിഡി പൂര്‍ണമായും നിര്‍ത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. സി.പി.ഐ.എം എം.പി വി. ശിവദാസന്‍ രാജ്യസഭയില്‍ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണക്കുള്ള സബ്സിഡിയെപ്പറ്റി ഉന്നയിച്ച ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമായത്.
മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും മണ്ണെണ്ണ സബ്സിഡി നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സി.പി.ഐ .എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ വി. ശിവദാസന്‍ എം.പി പറഞ്ഞു.
മണ്ണെണ്ണക്ക് 2017-18 ല്‍ 4672 കോടി സബ്സിഡി ഉണ്ടായിരുന്നു. ഇത് 2018-19ല്‍ 5950 കോടി ആയി ഉയര്‍ന്നു. എന്നാല്‍ 2019-20 ല്‍ ഇത് വെറും 1833 കോടി ആയി. 2020-21 ലും 2021-22 ലും സബ്‌സിഡി പൂജ്യമായി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡിയും 2019 -20ഓടെ നിര്‍ത്തി. 2017-18ല്‍ 113 കോടി ഉണ്ടായിരുന്നു. ഇത് 2018-19ല്‍ 98 കോടി ആയി കുറഞ്ഞു. എന്നാല്‍ 2019-20ല്‍ ഇത് വെറും 42 കോടി ആയി. 2020-21 ലും 2021-22 ലും ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല.
മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് സബ്സിഡി ഇല്ലാത്ത മണ്ണെണ്ണ മാത്രമേ ലഭിക്കുന്നുള്ളു എന്നതും മറുപടിയില്‍ വ്യക്തമാണ്.
അതേസമയം, കഴിഞ്ഞ ആഴ്ച രാജ്യത്ത് റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 13 രൂപ കുറഞ്ഞ് 89 രൂപയാക്കിയിരുന്നു. ഇതുവരെ 102 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. മുന്‍വര്‍ധന നടപ്പാക്കാത്തതിനാല്‍ കേരളത്തിലെ വില ഇതുവരെ 84 രൂപയായിരുന്നു.
CONTENT HIGHLIGHT: Central government has completely stopped the subsidy on kerosene