എം.പി ഫണ്ട് വിനിയോഗം; പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേകം മാറ്റിവെക്കണമെന്ന വ്യവസ്ഥയില്‍ തിരുത്തുമായി കേന്ദ്രം
national news
എം.പി ഫണ്ട് വിനിയോഗം; പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേകം മാറ്റിവെക്കണമെന്ന വ്യവസ്ഥയില്‍ തിരുത്തുമായി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 8:30 pm

ന്യൂദല്‍ഹി: എം.പി ലാഡ്സിന് കീഴിലുള്ള ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേകമായ ഫണ്ട് നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന വ്യവസ്ഥ ‘ഉചിതം’ എന്നാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

എം.പി ലാഡ്‌സ് പദ്ധതി ഫണ്ടില്‍ നിന്നും നിര്‍ബന്ധമായും പ്രതിവര്‍ഷം യഥാക്രമം 15ശതമാനം തുക പട്ടികജാതി വിഭാഗങ്ങളും 7.5ശതമാനം തുക പട്ടികവര്‍ഗ വിഭാഗങ്ങളും അധിവസിക്കുന്ന പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്നാണ് നിലവിലുള്ള മാര്‍ഗരേഖ. എന്നാല്‍ ഈ നിര്‍ബന്ധിത വ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ്.

ഒരു എം.പിക്ക് പ്രതിവര്‍ഷം അഞ്ച് കോടി രൂപ വെച്ച് അഞ്ച് വര്‍ഷത്തേക്ക് 25 കോടി രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിപ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ മൊത്തം തുക കണക്കിലെടുക്കുകയാണെങ്കില്‍ ഇതിന്റെ 15 ശതമാനമായ 3.75 കോടി രൂപ പട്ടികജാതിക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കും 7.5 ശതമാനമായ ഒരു കോടി എണ്‍പത്തിയേഴ് ലക്ഷത്തി അന്‍പതിനായിരം രൂപ പട്ടിക വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധമായും ചെലവഴിക്കണമെന്നാണ് നിലവിലുള്ള പദ്ധതി മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിച്ചിരുന്നത്.

പട്ടികജാതി-പട്ടിക വര്‍ഗ കോളനികളിലേയും മറ്റും കുടിവെളള പദ്ധതികള്‍, റോഡ് നിര്‍മാണം, തെരുവ് വിളക്കുകള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ എം.പി ലാഡ്‌സ് പദ്ധതി ഫണ്ട് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ചിറ്റമ്മ നയം വെളിവാക്കുന്നതാണ് പുതുക്കിയ എം.പി ലാഡ്‌സ് മാര്‍ഗരേഖയെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

‘നിര്‍ബന്ധിത വ്യവസ്ഥയില്‍ തന്ത്രപരമായി വെള്ളം ചേര്‍ത്ത് അതിനെ നിര്‍ബന്ധിതമല്ലാത്ത ഉപദേശരൂപേണയുളള വ്യവസ്ഥയാക്കി മാറ്റം വരുത്തിയാണ് പുതിയ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അടുത്ത മാസം ഒന്നാം തീയതി പ്രാബല്യത്തില്‍ വരുന്ന എം.പി ലാഡ്‌സിന്റെ പുതുക്കിയ മാര്‍ഗരേഖയില്‍ നിന്ന് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രതിലോമകരമായ ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിച്ച് നിലവിലുള്ള വ്യവസ്ഥ തുടരാന്‍ അനുവദിക്കണം,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.