ന്യൂദല്‍ഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ എട്ട് അംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഗുലാം നബി ആസാദ്, എന്‍.കെ. സിങ്, സുഭാഷ് കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പ്രത്യേക ക്ഷണിതാവായി സമിതിയിലുണ്ട്. കേന്ദ്ര നിയമകാര്യ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്തുന്നത് സംബന്ധിച്ച് പഠിക്കാനാണ് സമിതി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദകളികളെക്കുറിച്ചും സമിതി പഠിക്കും. എട്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുകയെന്ന് പാലിമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
2018ലോ കമ്മീഷന്‍ നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളും പ്രാഥമികമായി സമിതി പരിശോധിക്കുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തിലായിരിക്കും കേന്ദ്രം ബില്‍ അവതരിപ്പിക്കുക.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ നരേന്ദ്ര മോദി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സംവാദമാകാമെന്നും സമവായത്തിലെത്താമെന്നും അദ്ദേഹം പൊതുവേദികളില്‍ പറഞ്ഞിരുന്നു.
1967 വരെ രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരുന്നു നടന്നിരുന്നത്. പിന്നീട് ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയപ്പോഴാണ് ഇതിന് മാറ്റം വന്നത്. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന 1950കളിലും 60കളിലും കുറഞ്ഞ സംസ്ഥാനങ്ങളും ജനസംഖ്യയുമായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, നിലവിലെ ചട്ടം അനുസരിച്ച് ഓരോ നിയമസഭയിലേയും ലോക്‌സഭയിലേയും കാലാവധി പൂര്‍ത്തീകിച്ച് ശേഷമാകും തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ബില്ല് യാഥാര്‍ത്ഥ്യമായാല്‍ നിലവിലുള്ള നിയമസഭകളെ ഇത് അട്ടിമറിക്കും എന്നാണ് പ്രതിപക്ഷ ആരോപണം.
Content Highlight: Central government has announced an eight-member committee to study the ‘one country, one election’ solution