ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികള്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇതോടെ മുരുകന്‍, ശാന്തന്‍ ജയകുമാര്‍, റോബര്‍ട്ട് പൈസ് എന്നിവര്‍ക്ക് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാം.
മുരുകന്റെ ഭാര്യ നളിനി നല്‍കിയ ഹരജിയിലാണ് കേന്ദ്രം അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ജൂലൈയില്‍ ആറ് ആഴ്ചക്കകം നിലപാട് അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതി അവശ്യപ്പെട്ടിരുന്നു. മുരുകന്റെയും നളിനിയുടെയും മകള്‍ ഹരിത ഇപ്പോള്‍ യൂറോപ്പില്‍ ഡോക്ടറാണ്. ഇവര്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണം എന്നതായിരുന്നു നളിനിയുടെ ഹരജിയിലെ അപേക്ഷ.
2022 നവംബറില്‍ ജയില്‍ മോചിതരായെങ്കിലും തിരിച്ചറപ്പള്ളിയിലെ പ്രത്യേക അഭയാര്‍ത്ഥി ക്യാമ്പില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുകയായിന്നു. നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് 2022ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം കത്തയച്ചിരുന്നെങ്കിലും അത് പരിഗണിച്ചിരുന്നില്ല. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികമുള്ള ജയില്‍ വാസത്തിന് ശേഷം മോചിതനായിരുന്നു.
1991 മെയ് 21ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
1999 മെയ് 11 ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014ല്‍ സുപ്രീം കോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി കേന്ദ്രം 11 വര്‍ഷം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.
Content Highlight: Central government has allowed the four accused in the former Prime Minister Rajiv Gandhi assassination case to return to Sri Lanka