| Sunday, 25th February 2024, 10:05 am

ദളിതരോട് കേന്ദ്രസർക്കാരിന് ശത്രുതാപരമായ സമീപനം, സ്കോളർഷിപ്പുകൾ നിർത്തലാക്കി: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: ദളിത്‌ ജനവിഭാഗത്തോട് കേന്ദ്രസർക്കാരിന് ശത്രുതാപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രത്യക്ഷത്തിലുള്ള ഉദാഹരമാണ് അവർക്കുള്ള സ്ക്കോളർഷിപ്പ് തുക നിർത്തലാക്കിയതെന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ആദിവാസി – ദളിത്‌ വിഭാഗങ്ങളുടെ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞൂ.

എന്നാൽ കേന്ദ്രം ഫണ്ട്‌ നിർത്തലാക്കിയത് കൊണ്ട് സംസ്ഥാനം അത് തുടരാതിരുന്നില്ലെന്നും എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പിനും പിന്നാക്ക വിഭാഗത്തിനുള്ള സ്‌കോളർഷിപ്പിനും ആവശ്യമായ തുക സംസ്ഥാനം നൽകാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുത്തങ്ങ വെടിവെപ്പ് സംസ്ഥാന ചരിത്രത്തിലെ മറക്കാനാവാത്ത ഏടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവോത്ഥാനത്തിനും പുരോഗമന മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച നാട്ടിൽ ഭൂമിക്ക് വേണ്ടി സമരത്തിന് ഇറങ്ങിയ ആദിവാസികളെ വെടിവെച്ചുകൊന്ന സംഭവം ഉണ്ടായി എന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പരിപാടിയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലെന്നും സ്വയം മനസ്സിലാക്കി പെരുമാറണമെന്നും മോഡറേറ്റർ അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞ് പരിപാടി തുടങ്ങിയതിനു പിന്നാലെ ആയിരുന്നു നിർദേശം.

തുടർന്ന് മാധ്യമപ്രവർത്തകർ ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും അകത്ത് പറയുന്ന കാര്യങ്ങൾ പുറത്ത് സജ്ജമാക്കിയ സ്പീക്കറിലൂടെ കേൾക്കാമായിരുന്നു.

Content Highlight: Central government has a hostile approach to Dalit says CM Pinarayi Vijayan

We use cookies to give you the best possible experience. Learn more