കൊച്ചി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി അനുവദിച്ചു. നേരത്തെ അനുവദിച്ച 100 കോടിക്ക് പുറമെയാണിത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആദ്യ ഗഡുവായി ആവശ്യപ്പെട്ടത് 2000 കോടി രൂപയാണ്.
ഇതുവരെ പ്രളയത്തില്‍ കേരളത്തിലുണ്ടായിട്ടുള്ള നഷ്ടം 19,512 കോടിയാണ്. കൊച്ചിയില്‍ നാവിക ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ന് പുലര്‍ച്ചെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത മഴയും കാറ്റും മൂലം സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഉന്നത സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി വീണ്ടും വ്യോമ നിരീക്ഷണത്തിന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടവരില്‍ വലിയൊരു വിഭാഗം ഇന്നലെ മുതല്‍ തന്നെ പ്രധാനമന്ത്രിയ്ക്കുവേണ്ടിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നുവെന്നാണ് ആലുവ കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
കൂടാതെ ഇന്നു പുലര്‍ച്ചെ തുടങ്ങേണ്ടിയിരുന്ന രക്ഷാ പ്രവര്‍ത്തനം വൈകാനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണമായെന്നാണ് വിവരം. മോദിയുടെ സുരക്ഷയ്ക്കും മറ്റുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയവരെയും ഉപയോഗിക്കേണ്ടി വരുന്നതും രക്ഷാ പ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കി.
എയര്‍ലിഫ്റ്റിംഗ് സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാവിക സേന ഇന്ന് ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടില്ലെന്നാണ് എറണാകുളത്തുനിന്നും ലഭിക്കുന്ന വിവരം.