| Wednesday, 5th November 2014, 7:21 am

24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമ വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമ വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി നിയനം ഭേദഗതി ചെയ്യും. ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആഭിപ്രായം അറിയുന്നതിനായി നിയമത്തിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി.

ഉപാധികള്‍ക്ക് വിധേയമായി 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിലവില്‍ അനുമതിയുള്ളത്. ഇത് 24 ആഴ്ചവരെയാക്കണമെന്ന് വനിതാ കമ്മീഷനും ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും യോഗ്യരായ മിഡ്‌വൈഫുമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്ന വ്യവസ്ഥയും കരടില്‍ ഉണ്ട്. 20 ആഴ്ചകഴിഞ്ഞാല്‍ ഗര്‍ഭഛിദ്രത്തിന് ഡോക്ടര്‍മാര്‍ അനുമതി നല്‍കാറുണ്ടായിരുന്നില്ല.

ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യമുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് മുംബൈയിലെ ഒരു വീട്ടമ്മ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ശിശുവിന് 24 ആഴ്ച പ്രായമുള്ളതിനാല്‍ കോടതി അനുമതി നിഷേധിച്ചിരുന്നു.

ഗര്‍ഭഛിത്രം നടത്തുന്ന സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്ത് വിടാന്‍ പാടില്ലെന്ന വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഗര്‍ഭഛിത്രം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും യോഗ്യതയില്ലാത്ത ഡോക്ടര്‍മാരോ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളോ ഇത്തരം ചികിത്സകള്‍ നടത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും വ്യവസ്ഥയുണ്ട്.

കുഞ്ഞിന്റെ തുടര്‍ന്നുള്ള വളര്‍ച്ച അമ്മയ്ക്ക് ശാരീരികമോ മാനസികമോ ആയ പ്രശ്‌നം സൃഷ്ടിക്കുക, ബലാത്സംഗത്തിന് ഇരയായതുമൂലമാണ് കുഞ്ഞുണ്ടായതെന്നും കുഞ്ഞ് ജനിക്കുന്നത് അമ്മയ്ക്ക് മാനസികപ്രശ്‌നം ഉണ്ടാക്കുമെന്നുമുള്ള വിലയിരുത്തല്‍ തുടങ്ങിയവയാണ് ഗര്‍ഭഛിദ്രത്തിന് അനുവദിച്ചിട്ടുള്ള ഉപാധികള്‍. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെടുകയും തന്മൂലം കുഞ്ഞ് ജനിക്കുകയും ചെയ്താല്‍ അത് അമ്മയ്ക്ക് മാനസികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയാലും ഗര്‍ഭഛിദ്രമാകാം.

18 ആഴ്ചകള്‍ക്ക് ശേഷമാണ് വൈകല്യ നിര്‍ണയത്തിനായി പല ആശുപത്രികളും പരിശോധനകള്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ 24 ആഴ്ച വരെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നത് അച്ഛനമ്മമാര്‍ക്ക് കൃത്യമായ തീരുമാനമെടുക്കാന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more