വീണ്ടും ഫോട്ടോഷോപ്പ് വികസനം: മോദിസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തികാട്ടിയുള്ള പരസ്യത്തില്‍ കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ചിത്രം
Daily News
വീണ്ടും ഫോട്ടോഷോപ്പ് വികസനം: മോദിസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തികാട്ടിയുള്ള പരസ്യത്തില്‍ കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2017, 10:06 am

കൊച്ചി: ഭരണനേട്ടം വിശദീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരസ്യത്തില്‍ ഇന്ത്യയിലേതെന്ന തരത്തില്‍ നല്‍കിയത് ശ്രീലങ്കയിലെ ചിത്രം. ബുധനാഴ്ച വിവിധ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് ശ്രീലങ്കയില്‍ നടന്ന ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഇന്ത്യയിലേതെന്ന തരത്തില്‍ മോദി സര്‍ക്കാര്‍ ആഘോഷിച്ചത്.


Must Read: ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഡി.എന്‍.എ ടെസ്റ്റ് ഒഴിവാക്കാന്‍ യുവതി 21 ദിവസം പ്രായമായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി കൊലപ്പെടുത്തി


ഗതാഗത മേഖലയിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യത്തിലാണ് ഇന്ത്യയിലെ വികസനമെന്ന മട്ടില്‍ ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ടുവര്‍ഷം മുന്‍പു ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുന്ന പടം വന്നത്. 2015 മാര്‍ച്ച് 13, 14 ദിവസങ്ങളില്‍ മോദി നടത്തിയ ശ്രീലങ്ക സന്ദര്‍ശനത്തിനിടെ മാര്‍ച്ച് 14നാണ് മോദി തലൈമനാര്‍ പിയറിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഈ ചിത്രമാണ് ഇന്ത്യയിലെ വികസനമെന്നു കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ ഉപയോഗിച്ചത്.

2015ല്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം

പടത്തിന്റെ ഒരു കോണില്‍ തലൈമന്നാര്‍ പിയര്‍ സ്റ്റേഷന്റെ പേര് വ്യക്തമായി കാണാം. ഇതോടെയാണ് കേന്ദ്രസര്‍ക്കാറിന്റെ “ഫോട്ടോഷോപ്പ് വികസനം” പിടിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ട്ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിയാണ് (ഡി.എ.വി.പി) പരസ്യം തയാറാക്കിയത്.


Don”t Miss:നിരവധി തവണ ശ്രമിച്ചിട്ടും സാക്ഷി മാലിക്കിനെ കാണാന്‍ സാധിക്കാതെ ബേസില്‍; ഒടുവില്‍ വഴിവക്കില്‍ കണ്ടു മുട്ടിയപ്പോള്‍ താരം പറഞ്ഞത് കേട്ട് അന്തം വിട്ട് ഗോദക്കാരന്‍ 


ഭാരതത്തിന്റെ ഭാവി ഉജ്വലം എന്ന പേരില്‍ വന്ന പരസ്യത്തില്‍ റെയില്‍ ശൃഖലകളുടെ നിര്‍മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്കു മെട്രോ സൗകര്യം എന്നതിനൊപ്പമാണ് ശ്രീലങ്കയില്‍ ട്രെയിനിനു പച്ചക്കൊടി കാണിക്കുന്ന മോദി ചിത്രം ഉപയോഗിച്ചത്.

 

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ശ്രീലങ്കന്‍ ആഭ്യന്തര ഗതാഗത മന്ത്രി രഞ്ജിത് മധുമ്മ ബാന്ദ്രയും വ്യവസായ മന്ത്രി റിഷാദ് ബാദിയുദ്ദീനും പങ്കെടുത്തിരുന്നു.

ഇന്ത്യന്‍ റെയില്‍വേയില്‍ കാര്യമായ നേട്ടങ്ങള്‍ ഒന്നുമില്ലാത്തതിനാലാണു ശ്രീലങ്കയില്‍നിന്നുള്ള പഴയചിത്രം ഉപയോഗിക്കേണ്ടി വന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.