ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ട അവസാന തിയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 30 തീരാനിരിക്കെയാണ് പുതിയ തീരുമാനം.
സെപ്തംബര്‍ 30 ആണ് പുതുക്കിയ തിയതി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യമറിയിച്ചത്. നേരത്തേയും രണ്ട് രേഖകളും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അന്തിമ തീയതി. ഇത് ജൂണ്‍ 30 ലേക്ക് നീട്ടുകയായിരുന്നു.
കൊവിഡിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 1961 ലെ ഇന്‍കം ടാക്‌സ് നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് തിയതി ദീര്‍ഘിപ്പിച്ചത്. അന്തിമ തിയതിക്ക് മുമ്പായി ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരും.
ആയിരം രൂപ പിഴയും പാന്‍കാര്‍ഡ് അസാധുവാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
അതേസമയം കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന തുകയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. 2019 മുതല്‍ കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിനാണ് കേന്ദ്രം ഇളവ് നല്‍കുന്നത്.
ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. തൊഴിലുടമ തന്റെ തൊഴിലാളികള്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കൊവിഡ് ചികിത്സക്കായി നല്‍കുന്ന തുകയ്ക്കാണ് ആദായനികുതി ഇളവ്.
കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായത്തിനും ആദായനികുതി ഇളവ് ലഭിക്കും. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നല്‍കുന്ന ധന സഹായത്തിനും ഇളവ് ലഭിക്കും.