ന്യൂദല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയ്ക്ക് തനിച്ച് സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടത്.
ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുമുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളം അതില്‍ തൃപ്തരാണെന്നും അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നുമാണ് കേന്ദ്രനിലപാടെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് യു.എന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
Also Read:പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യം: മുഖ്യമന്ത്രി
കേരളത്തിലെ പ്രളയക്കെടുതിയില്‍ 20000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്. നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്. പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. നിരവധി പാലങ്ങളും പുനര്‍നിര്‍മ്മിക്കേണ്ട സ്ഥിതിയാണ്. ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
എന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപമാത്രമാണ് അടിയന്തര സഹായമായി അനുവദിച്ചിരിക്കുന്നത്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടുമില്ല. ഇതിനിടയിലാണ് യു.എന്‍ അടക്കമുള്ള സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നുവെച്ചിരിക്കുന്നത്.