പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള അധിക ധനസഹായം; കേരളത്തെ ഒഴിവാക്കി കേന്ദ്രം
Kerala News
പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള അധിക ധനസഹായം; കേരളത്തെ ഒഴിവാക്കി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 9:55 pm

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച പ്രളയ ധനസഹായത്തില്‍ നിന്നും കേരളം പുറത്ത്. 2019ല്‍ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം പ്രഖ്യാപിച്ചതില്‍ നിന്നുമാണ് കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5908.56 കോടി രൂപ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് സഹായമായി പ്രഖ്യാപിച്ചത്. പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്.

അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായം നല്‍കിയത്. എന്നാല്‍ കേരളത്തിന് ഇതില്‍ നിന്നും ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രത്തില്‍ നിന്നും ധനസഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ സെപ്തംബറില്‍ കേരളം കത്തയച്ചിരുന്നു. 2100 കോടി രൂപയായിരുന്നു കേരളം അഭ്യര്‍ത്ഥിച്ചിരുന്നത്. തുടര്‍ന്ന് കേന്ദ്ര സംഘം കേരളത്തിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പക്ഷെ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് നാല് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി 3200 കോടി രൂപ ഇടക്കാല ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് തുകയൊന്നും തന്നെ ലഭിച്ചിരുന്നില്ല. 1200 കോടി രൂപ ഇടക്കാല ധനസഹായം ലഭിച്ച കര്‍ണാടകത്തിന് ഇത്തവണ 1869 കോടി രൂപ ലഭിക്കുകയും ചെയ്തു.

DoolNews Video