തീവ്രവാദികളെന്ന് ആരോപിച്ച് 6 പേരെ വെടിവെച്ച് കൊന്ന കേസ്; സൈനികരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍
national news
തീവ്രവാദികളെന്ന് ആരോപിച്ച് 6 പേരെ വെടിവെച്ച് കൊന്ന കേസ്; സൈനികരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 9:46 am

ഗുവാഹത്തി: നാഗാലാന്‍ഡില്‍ തീവ്രവാദികളെന്നാരോപിച്ച് ഗ്രാമീണരെ വെടിവെച്ചു കൊന്ന കേസില്‍ സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ 30 സൈനികരെയായിരുന്നു നാഗാലാന്‍ഡ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തിരുന്നത്.

എന്നാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പ്രതിരോധ മന്ത്രാലയം നിഷേധിച്ചതായാണ് നാഗാലാന്‍ഡ് പൊലീസ് പറയുന്നത്. കേസ് പരിഗണനയിലുള്ള മോണ്‍ ജില്ലയിലെ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയെ ഇക്കാര്യം ധരിപ്പിച്ചതായി ഐ.ജി രൂപ എം പറഞ്ഞു.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാഗാലാന്‍ഡിലെ ടിരു ഒടിങ് മേഖലയില്‍ ഖനി തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ 21 പാരാ സ്‌പെഷല്‍ ഫോഴ്‌സ് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആറ് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

ജോലിക്ക് ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്ന ഖനി തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട ആറ് പേരും. തീവ്രവാദികളാണെന്ന് കരുതി വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പില്‍ പിന്നീട് എട്ട് പേര്‍ കൊല്ലപ്പെട്ടു. ആകെ 14 പേരാണ് സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 2022 മാര്‍ച്ചില്‍ അന്വേഷണം പൂര്‍ത്തിയാക്കി. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനാലാണ് സൈനികരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി പൊലീസ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചത്.

കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സൈനികര്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. കൊല്ലുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിവെച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ സൈനികര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവരുടെ ഭാര്യമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസില്‍ സൈന്യം അന്വേഷണം നടത്തുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തല്‍കാലം തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നില്ല എന്ന നിലപാടിലാണ് സൈന്യം ഇപ്പോള്‍.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആര്‍മ്ഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേര്‍സ് ആക്ട് (അഫ്‌സ്പ) പല കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യത സൈന്യത്തിന് നല്‍കുന്നുണ്ട്. അടുത്തിടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Content Highlights: central government denied to taking action against the soldiers