| Wednesday, 22nd August 2018, 10:25 am

യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ സഹായം കേരളത്തിന് നല്‍കേണ്ട: അതും തടഞ്ഞ് മോദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ നല്‍കിയ സഹായം കേന്ദ്രം തടഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം കേരളത്തെ അറിയിച്ചത്.

കേരളത്തിന് 700 കോടി രൂപ നല്‍കാമെന്ന് യു.എ.ഇ പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഈ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു.

Also Read:കേരളത്തിന് അടിയന്തര സഹായമായി 2000 കോടി അനുവദിക്കണം: പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

യു.പി.എ കാലത്തുണ്ടായ നയം തടസമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു കേന്ദ്രം നടപടിയെ ന്യായീകരിച്ചത്. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. വായ്പയായി മാത്രമേ പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിനാണെങ്കില്‍ യു.എ.ഇയില്‍ നിന്ന് നേരിട്ട് വായപയെടുക്കാനും സാധിക്കില്ല.

നേരത്തെ യു.എന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സുകളുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നുവെച്ചിരുന്നു.

വര്‍ഗീയ രാഷ്ട്രീയത്തെ എന്നും അകറ്റി നിര്‍ത്തിയിട്ടുള്ള കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

പ്രളയദുരിതം നേരിടുന്ന കേരളത്തിന് അനുവദിച്ച അരിയ്ക്ക് പണമീടാക്കാനുള്ള കേന്ദ്രനീക്കം കഴിഞ്ഞദിവസം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Also Read:കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇനിയും വെള്ളപ്പൊക്ക സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

കേന്ദ്രസഹായമായി ഒരു ലക്ഷം മെട്രിക് ടണ്‍ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടതെങ്കിലും, അനുവദിച്ചത് 89549 മെട്രിക് ടണ്‍ അരിയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് വന്ന ഉത്തരവില്‍ അരിവിലയും, ഗതാഗത ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്നാണ് ഉണ്ടായിരുന്നത്. ഇത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരികയായിരുന്നു

പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more