പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളേയും നിരോധിച്ചു
national news
പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളേയും നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th September 2022, 7:33 am

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തെക്കാണ് സംഘടനയെ നിരോധിച്ചത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ക്യാമ്പസ് ഫ്രണ്ട്, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

എന്‍.ഐ.എ നടപടിക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയും എന്‍.ഐ.എ റെയ്ഡും നടപടികളും തുടര്‍ന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.