[] ന്യൂദല്‍ഹി: യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു.
മോഡിയുടെ ഏറ്റവും അടുത്ത അനുയായിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം യുവതിയെ രഹസ്യ നിരീക്ഷണത്തിന് വിധേയയാക്കി എന്നാണ് ആരോപണം. 2008 ഓഗസ്റ്റ് മുതല്‍ ഒരുവര്‍ഷമാണ് നിരീക്ഷണം നടന്നത്.
യുവതിക്ക് സംരക്ഷണം നല്‍കണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന ബി.ജെ.പിയുടെ വാദത്തെ തെളിവുകള്‍ നിരത്തി ഗുലൈല്‍ ഡോട് കോം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു.
നിരീക്ഷണവുമായി ബന്ധപ്പെട്ട 39 പുതിയ ടേപ്പുകളാണ് ഗുലൈല്‍ പുറത്ത് വിട്ടിരുന്നത്. യുവതിയുടെ ഫോണ്‍ കൂടാതെ, ഭാവി വരന്റേയും ബന്ധുക്കളുടേയും ഫോണുകള്‍ ചോര്‍ത്തിയെന്നും ഗുലൈല്‍.കോം വെളിപ്പെടുത്തിയിരുന്നു.
യുവതിയെ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനോട് അമിത് ഷാ പറയുന്നതിന്റെ ശബ്ദരേഖയടക്കമുള്ള ടേപ്പുകളാണ് ഗുലൈല്‍.കോം പുറത്തുവിട്ടത്. സംഭാഷണത്തില്‍ അമിത് ഷാ പറയുന്ന സാഹിബ് നരേന്ദ്ര മോഡിയാണെന്നാണ് ആരോപണം.
സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചതിന് പിറകെയാണ് കേന്ദ്രം ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.
എന്നാല്‍ അന്വേഷണം രാഷട്രീയപ്രേരിതമാണെന്നും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ കമ്മീഷനെ വച്ച് അന്വേഷണം നടത്തി കോണ്‍ഗ്രസ് പകപോക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.