ന്യൂദല്‍ഹി: രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നല്‍കിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫൈസറും മൊഡേണയും ഉള്‍പ്പെടെയുള്ള വിദേശ നിര്‍മ്മിത വാക്‌സിനുകള്‍ രാജ്യത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഫൈസറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പ്രത്യേക അനുമതിയില്ലാതെ തന്നെ വിദേശ വാക്‌സിനുകള്‍ സ്വീകരിക്കാമെന്ന നില ഉണ്ടായി. വാക്‌സിനു വേണ്ടി സംസ്ഥാനങ്ങള്‍ ഫൈസറിനെ നേരിട്ടു സമീപിച്ചു. എന്നാല്‍ കേന്ദ്രം വഴിയാണെങ്കില്‍ മാത്രമെ വാക്‌സിന്‍ വിതരണത്തിന് തയ്യാറാകൂ എന്ന് ഫൈസര്‍ തീരുമാനമെടുത്തു.
ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്ത് വാക്‌സിന്‍ ഉപയോഗത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പു തന്നെ അടിയന്തരാനുമതി തേടി ഫൈസര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശീയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് വാക്‌സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചു.
ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഫൈസറിനെ നേരിട്ട് സമീപിക്കുകയും കേന്ദ്ര ഇടപെടണമെന്ന് ഫൈസര്‍ നിലപാടെടുക്കുകയും ചെയ്തതോടെയാണ് കേന്ദ്രം പ്രതിസന്ധിയില്‍ ആയത്. ഇതോടെ ഫൈസറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ ഫൈസറുമായോ മൊഡേണയുമായോ ഇന്ത്യയ്ക്ക് കരാറുകളൊന്നുമില്ല. അതേസമയം, ഇരു കമ്പനികളില്‍ നിന്നും 2023 വരെ വാക്‌സിനുവേണ്ടി ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയുമാണ്. ഇന്ത്യ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല.
ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്‌സിനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നത് ഇന്ത്യയ്ക്ക് മുന്നിലെ പ്രതിസന്ധിയാണ്.
അതേസമയം, വാക്‌സിന്‍ ലഭ്യമാക്കാന്‍ മറ്റ് രാജ്യങ്ങള്‍ വളരെ നേരത്തെ നടപടികളുമായി മുന്നോട്ടുപോയിട്ടും ഇന്ത്യ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. ഗഗന്‍ദീപ് കാങ് വിമര്‍ശിച്ചിരുന്നു.