ഇനി രക്ഷയില്ല; പ്രതിഷേധം ശക്തമായതോടെ അഗ്നിപഥില്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്രം
national news
ഇനി രക്ഷയില്ല; പ്രതിഷേധം ശക്തമായതോടെ അഗ്നിപഥില്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th June 2022, 9:54 am

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധം വ്യാപകമായതോടെ യുവാക്കളെ തണുപ്പിക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര പൊലീസ് സേനയില്‍ 10 ശതമാനം സംവരണത്തോടൊപ്പം, അസം റൈഫീള്‍സിലു 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

രാജ്യത്തുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബിഹാര്‍, ജമ്മുകശ്മീര്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ 234 ട്രെയിനുകള്‍ രാജ്യത്ത് റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്.

234 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പുറമെ 93 ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. 11 ട്രെയിനുകളെ പ്രതിഷേധം മുന്‍നിര്‍ത്തി വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുതിര്‍ന്ന നേതാക്കളും, സൈനികരും വിഷയത്തില്‍ അതൃപ്തിയറിയിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

Content Highlight: Central government announced new changes  on agneepath scheme as protests rise across the country.