ന്യൂദല്‍ഹി: ഐ.ടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കീഴില്‍ സാമൂഹ്യ മാധ്യമങ്ങളെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികള്‍ക്ക് നിയമങ്ങള്‍ പൂര്‍ണമായും ബാധകമായിരിക്കും. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സമിതിയെ സമീപിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭേദഗതി ചെയ്ത ഐ.ടി ചട്ടങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തുവിട്ടു.
ഭേദഗതിയിലൂടെ സാമൂഹ്യ മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികള്‍ നടപ്പാകുക.
രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയര്‍പേഴ്‌സണ്‍ അടക്കം മൂന്ന് സ്ഥിരാംഗങ്ങള്‍ സമിതിയിലുണ്ടാകും.
സര്‍ക്കാര്‍ സമിതിക്ക് പുറമെ ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി കമ്പനികളും സ്വന്തം നിലയില്‍ സംവിധാനം രൂപീകരിക്കണം. കമ്പനി നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതിക്കാരന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയില്‍ അപ്പീല്‍ നല്‍കാം. പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതികള്‍ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തെ തന്നെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.