| Friday, 28th December 2018, 7:15 pm

തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. തീരദേശത്തെ നിര്‍മ്മാണത്തിനും വിനോദ സഞ്ചാരത്തിനും ഇളവ് നല്‍കി തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം.

തീരദേശ പരിപാലന നിയമത്തില്‍ ഇളവ് വേണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.


ജനസാന്ദ്രതയേറിയ ഗ്രാമീണ മേഖലയില്‍ വേലിയേറ്റ പരിധിയില്‍ അന്‍പതു മീറ്റര്‍ കടന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് പുതിയ വിജ്ഞാപനത്തിലുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ജനസംഖ്യ 2161 ഉള്ള സ്ഥലമാണ് ജനസാന്ദ്രതയേറിയ പ്രദേശമായി കണക്കാക്കുന്നത്. 2011ലെ വിജ്ഞാപനപ്രകാരം 200 മീറ്റര്‍ വരെ നിര്‍മാണം നിരോധിച്ചിരുന്നു.

കായല്‍ തുരുത്തുകളില്‍ 20 മീറ്റര്‍ വിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ബീച്ചുകളില്‍ 10 മീറ്റര്‍ വിട്ട് വിനോദ സഞ്ചാരാവശ്യത്തിനായി താല്‍ക്കാലിക നിര്‍മാണവും നടത്താം.

അതേസമയം, നഗരമേഖലയില്‍ വലിയ കെട്ടിടടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ 1991ലെ ഡെവല്പമെന്റ് കണ്‍ട്രോള്‍ റഗുലേഷന്‍ എടുത്തുകളഞ്ഞു. പ്രതിരോധന തന്ത്ര പ്രധാന പദ്ധതികള്‍ക്ക് സമ്പൂര്‍ണ ഇളവും അനുവദിച്ചിട്ടുണ്ട്.


അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിന് മാത്രമേ കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി ആവശ്യമുള്ളൂ. ബാക്കിയുള്ളവയ്ക്ക് സംസ്ഥാന അനുമതി മതി.

We use cookies to give you the best possible experience. Learn more