വാള്‍സ്ട്രീറ്റ് ജേണലിനോട് കലിതുള്ളി കേന്ദ്രം; സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നെന്ന് വാദം
national news
വാള്‍സ്ട്രീറ്റ് ജേണലിനോട് കലിതുള്ളി കേന്ദ്രം; സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നെന്ന് വാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 3:21 pm

ന്യൂദല്‍ഹി: റിസൈന്‍ മോദി ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണലിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍.

ഇത് സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വാള്‍സ്ട്രീറ്റ് ജേണല്‍ തങ്ങള്‍ക്കെതിരെ നിരന്തരം ‘വ്യാജ വാര്‍ത്ത’ നല്‍കുന്നുവെന്നാണ് ഒരു തെളിവുമില്ലാതെ കേന്ദ്രം വാദിക്കുന്നത്.

‘ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ ജീവനക്കാരെ ജയിലില്‍ ഇടുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെ ഒരു ‘വ്യാജ വാര്‍ത്ത ‘ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇത് വ്യാജവും കെട്ടിച്ചമച്ചതുമായ വാര്‍ത്തയാണെന്നുമാണ് കേന്ദ്രം അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ട്രെന്റിംഗ് ആയ
#resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ഫേസ്ബുക്കിന്റെ പ്രതികരണം വന്നതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ തടയാന്‍ വേണ്ടി ഫേസ്ബുക്കിലെ ഒരു ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തുവെന്ന തരത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്ത വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്നതും നികൃഷ്ടമായ ഉദ്ദേശ്യത്തോടെ ഉള്ളതാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഹാഷ്ടാഗ് പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യം ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം എന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം.
ഹാഷ് ടാഗ് നീക്കം ചെയ്യപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.
പിന്നീട് ഹാഷ്ടാഗ് പുഃനസ്ഥാപിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പ്രതിഷേധത്തെ മറയ്ക്കാനാണ് ഹാഷ്ടാഗ് നീക്കം ചെയ്തതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Central Government against  Wall Street Journal