മദ്യം വീട്ടിലെത്തിക്കണ്ട; കേരളത്തിന് വിലങ്ങുതടിയായി കേന്ദ്രം; ചട്ടലംഘനമെന്ന് വാദം
COVID-19
മദ്യം വീട്ടിലെത്തിക്കണ്ട; കേരളത്തിന് വിലങ്ങുതടിയായി കേന്ദ്രം; ചട്ടലംഘനമെന്ന് വാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 9:17 pm

ന്യൂദല്‍ഹി: മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

കേരളത്തിന് പുറമെ, മേഘാലയയും മദ്യം വീടുകളില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രം വിഷയത്തില്‍ ഇടപെടുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളില്‍ എത്തിക്കാന്‍ കേരളം തീരുമാനിച്ചത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മദ്യം വിതരണം ചെയ്യാനോ വീട്ടിലെത്തിക്കാനോ ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നില്ല. കൂടാതെ, ഇത് അനുവദിക്കരുതെന്നാണ് കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നാണ് കേന്ദ്രം വാദിക്കുന്നത്. സംസ്ഥാനം നടപടിയില്‍നിന്ന് പിന്മാറണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയെത്തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. മദ്യം ലഭിക്കാതിരിക്കുമ്പോള്‍ ശാരരീക അസ്വസ്തതകള്‍ പ്രകടിപ്പിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം. എക്സൈസ് ഓഫീസില്‍നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാവുന്നതാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.