| Thursday, 18th July 2019, 9:39 pm

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി രാജ്യസഭയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യസഭയില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ആസൂത്രണ-സ്റ്റാറ്റിസ്റ്റിക്സ് സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മെയ് 30തിനായിരുന്നു സര്‍വേ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടത്. എന്നാല്‍ അതിനു മുന്‍പുതന്നെ വിവരങ്ങള്‍ ചോര്‍ന്നു. ഇതിനു പിന്നില്‍ ചില പ്രത്യേക അജണ്ട ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇത് വളരെ ഗൗരവമായാണ് കാണുന്നതെ’ന്നും മന്ത്രി പറഞ്ഞു.

‘അഞ്ചു വര്‍ഷം കൂടുമ്പോഴാണ് തൊഴില്‍ നിരക്കും തൊഴിലില്ലായ്മ നിരക്കും സംബന്ധിച്ച് സര്‍വേ നടക്കാറുള്ളത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഓരോ വര്‍ഷവും ഇതു സംബന്ധിച്ച് സര്‍വേ നടത്തുന്നു’വെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്ന ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.

യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വേയില്‍ പറയുന്നു.

ഗ്രാമീണ മേഖലയിലേതിനേക്കാള്‍ കൂടുതലാണ് നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പുരുഷന്മാരില്‍ 18.7% ഉം സ്ത്രീകളില്‍ 27.2% ആയി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more