| Saturday, 3rd September 2022, 6:03 pm

വാട്‌സ്ആപ്പ് കോളും നിയന്ത്രിക്കാന്‍ കേന്ദ്രം; ലാഭം കൊയ്യാന്‍ കാത്തിരുന്ന് ജിയോ അംബാനി

സഫല്‍ റഷീദ്

വാട്‌സാപ്പ്, സിഗ്‌നല്‍, ടെലിഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇന്റര്‍നെറ്റ് കോളുകള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) അഭിപ്രായം ചോദിച്ചു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്.

ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വരും മാസങ്ങളില്‍ ഇത്തരത്തില്‍ ഒരു ഫീസ് ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നടപ്പിലായാല്‍ അതിന് പിന്നില്‍ കരുക്കള്‍ നീക്കിയിരിക്കുന്നത് മുകേഷ് അംബാനിയും ജിയോയുമാണ് എന്നത് നിസംശയം പറയാന്‍ കഴിയും.

2022 ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ പ്രകാരം ജിയോക്ക് ഇന്ത്യയില്‍ 41.3 കോടി വരിക്കാരാണുള്ളത്. 2015ല്‍ തുടങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കി ടെലികോം മേഖലയില്‍ ജിയോ സര്‍വാധിപത്യം സ്വന്തമാക്കിയിട്ടുണ്ട്.

2022 അവസാനത്തോടെ 5ജി കൂടി വരുന്നതോടെ ജിയോ ഇനിയും കുതിക്കുമെന്നും ഉറപ്പ്. ജിയോയുടെ ഈ കുതിപ്പും കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് കോളുകള്‍ നിയന്ത്രിക്കാനുള്ള നടപടിയും വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ ടെലികോം മേഖലയെ ജിയോ വിഴുങ്ങി എന്നതിലേക്കാണ്.

വി.ഒ.ഐ.പി (VOIP- Voice over Internet Protocol)

ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോളുകള്‍ ചെയ്യുന്നതിനെ വി.ഒ.ഐ.പി (VOIP- Voice over Internet Protocol) എന്നാണ് പറയുന്നത്. സാധാരണ സിമ്മുകളില്‍ ഇന്‍കമിങ്, ഔട്ട് ഗോയിങ് കോളുകള്‍ ചെയ്യാന്‍ പ്രത്യേക പാക്കേജുകള്‍ പണം നല്‍കി റീചാര്‍ജ് ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് കോളുകള്‍ ചെയ്യാന്‍ തരക്കേടില്ലാത്ത ഒരു ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മാത്രമാണ് ആവശ്യം.

ഇത്തരത്തില്‍ കോളുകള്‍ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അമിത ഭാരമാണ് വരാന്‍ പോകുന്നത്.

യു.എ.ഇ ഏറ്റവും വലിയ ഉദാഹരണം

2017 മുതലാണ് യു.എ.ഇ ഇത്തരത്തില്‍ വി.ഒ.ഐ.പിക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യസുരക്ഷയുടെ പേരില്‍ കൊണ്ടുവന്ന നിയന്ത്രണം പക്ഷെ ടെലികോം കമ്പനികള്‍ക്ക് അധിക വരുമാനം ലക്ഷ്യ വെച്ചാണെന്നും അത്യാഗ്രഹമാണെന്നും അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു.

യു.എ. ഇയിലെ 80 ശതമാനം ടെലികോം ഉപഭോക്താക്കളും ഉപയോഗിക്കുന്ന രണ്ട് ടെലികോം കമ്പനികളാണ് ഡു(Du), ഇത്തിസലാത്ത് (Etisalat). ഈ രണ്ട് കമ്പനികളുടെയും 60 ശതമാനത്തോളം ഓഹരിയും യു.എ.ഇ ഗവണ്മെന്റിന്റെ തന്നെയാണ്.

ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവന്ന ശേഷം വി.ഒ.ഐ.പി സേവനം ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് അംഗീകരിച്ച ആപ്പുകളിലൂടെ മാത്രമേ സാധിക്കൂ. അതിനായി പ്രത്യേക പ്ലാനുകള്‍ വരെ കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ കോര്‍പറേറ്റ് കമ്പനികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള മീറ്റിങ് ആപ്ലിക്കേഷനുകളെ ഈ നിയന്ത്രണത്തില്‍ നിന്ന് യു.എ.ഇ ഒഴിവാക്കിയിട്ടുണ്ട്. ഈ ആപ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ നിയമപ്രകാരം വി.ഒ.ഐ.പി കോളുകള്‍ ചെയ്യാന്‍ ചാര്‍ജുകള്‍ രാജ്യത്ത് ഈടാക്കുന്നുണ്ട്.

വി.പി.എന്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇത്തരം കോളുകള്‍ ചെയ്യാന്‍ കഴിയും. പക്ഷെ യു.എ.ഇയിലും ഇത്തരത്തില്‍ വി.ഒ.ഐ.പി കോളുകള്‍ നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളില്‍ എല്ലാം തന്നെ അത്തരത്തില്‍ കോളുകള്‍ ചെയ്യുന്നത് നിയമവിരുദ്ധമായതും പിടിക്കപ്പെട്ടാല്‍ വന്‍ പിഴ നല്‍കേണ്ടി വരുന്നതുമായ കുറ്റകൃത്യമാണ്.

ഇന്ത്യയില്‍ ഒരുപക്ഷേ സംഭവിക്കാന്‍ പോകുന്നത്

ഇന്ത്യയില്‍ ഇത്തരത്തില്‍ വി.ഒ.ഐ.പിക്കുമേല്‍ നിയന്ത്രണം വന്നാല്‍ അതില്‍ നിന്ന് വലിയ ലാഭം കൊയ്യാന്‍ പോകുന്നത് കുത്തക ഭീമന്‍ ജിയോ തന്നെയാവും. ഒരുപക്ഷെ ഇപ്പോഴുള്ള റീചാര്‍ജ് പ്ലാനുകള്‍ പരിഷ്‌കരിച്ച് വി.ഒ.ഐ.പി കോളുകള്‍ ലഭ്യമാകുന്ന തരത്തിലുളള പ്ലാനുകളും ജിയോ അവതരിപ്പിച്ചു എന്ന് വരാം. അല്ലെങ്കില്‍ ‘ജിയോ കോള്‍’ എന്നൊക്കെ പേരിട്ട് പുതിയ വി.ഒ.ഐ.പി കോളിങ് ആപ്ലിക്കേഷന്‍ തന്നെ ജിയോ പുറത്തിറക്കിയെന്നും വരാം.

ടെലികോം സേവനദാതാക്കളും, ഇന്റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്സ്ആപ്പ് അടക്കമുള്ള ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് 2017ല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ ആ ആവശ്യത്തെ അംഗീകരിച്ചില്ല എന്നാല്‍ തുടര്‍ച്ചയായി ഈ ആവശ്യം ടെലികോം കമ്പനികള്‍ ഉന്നയിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം എന്നുവേണം കരുതാന്‍.

ജിയോ കൊയ്യാന്‍ പോകുന്ന ലാഭം

ഇത്തരത്തില്‍ ഒരു സംവിധാനം നടപ്പിലായാല്‍ മറ്റെല്ലാ ടെലികോം കമ്പനികള്‍ക്കും പിടച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള ഓഫറുകള്‍ ജിയോ കൊണ്ടുവരും എന്നത് തീര്‍ച്ച. 4 ജി സേവനം മാത്രം നല്‍കുന്ന ജിയോ മറ്റുള്ള സേവന ദാതാക്കളില്‍ നിന്ന് വിഭിന്നമായി ചുരുങ്ങിയ ചാര്‍ജ് വി.ഒ.ഐ.പിക്ക് ഈടാക്കിയാല്‍ സ്വാഭാവികമായും നിരവധി ഉപഭോക്താക്കള്‍ വീണ്ടും ജിയോയിലേക്ക് എത്തും. മറ്റുള്ളവരെയെല്ലാം അപ്രസക്തമാക്കി ഒടുവില്‍ കുത്തക ജിയോ ഇഷ്ടാനുസരണം നിരക്കുകളില്‍ മാറ്റവും വരുത്തും.

വി.പി.എന്‍ ഉപയോഗത്തില്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ധന

വി.ഒ.ഐ.പി നിയന്ത്രണം വരുന്ന രാജ്യങ്ങളില്‍ എല്ലാം തന്നെ വി.പി.എന്‍ ഉപയോഗിച്ച് വി.ഒ.ഐ.പി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇരിക്കെ തന്നെ സാധാരണമായ കാര്യമാണ്. എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സൈബര്‍ സുരക്ഷാ നിര്‍ദേശങ്ങളില്‍ വി.പി.എനിനെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ വി.പി.എന്‍ സര്‍വീസ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ഇമെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് ശേഖരിച്ച് സൂക്ഷിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങളില്‍ വി.പി.എന്‍ കമ്പനികള്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തിയതി 2022 ജൂണ് 27ല്‍ നിന്ന് 2022 സെപ്റ്റംബര്‍ 25ലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.

സെപ്റ്റംബര്‍ 25 മുതല്‍ ഈ നിര്‍ദേശം നടപ്പിലാകുന്ന വി.പി.എന്‍ കമ്പനികള്‍ മാത്രമാകും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. ഈ നിര്‍ദേശങ്ങളെയും ഒപ്പം വി.ഒ.ഐ.പി നിയന്ത്രണമെന്ന കേന്ദ്ര നീക്കത്തേയും ചേര്‍ത്ത് വായിച്ചാല്‍ ഇന്ത്യക്കാരുടെ സ്വകാര്യതയും കീശയിലെ പൈസയും മൊത്തത്തില്‍ കൊള്ളയടിക്കാന്‍ കുത്തകകള്‍ക്കൊപ്പം സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു എന്ന ഉത്തരം തന്നെയാണ് കിട്ടുക.

ജിയോ പറയും നമ്മള്‍ കേള്‍ക്കും

വെട്ടാന്‍ പോകുന്ന പോത്തിന് വെള്ളം കൊടുക്കുന്ന പോലെ ജിയോ തന്ന ഓഫറുകള്‍ നമ്മള്‍ എല്ലാവരും ആസ്വദിച്ച് ഉപയോഗിച്ചു. ഇനി അങ്ങോട്ട് എന്തായാലും ജിയോ പറയുന്ന പൈസക്ക് ജിയോ പറയുന്ന പോലെ ഇന്റര്‍നെറ്റും ഫോണ്‍ കോളുകളും ഉപയോഗിക്കാം എന്നാണ് തോന്നുന്നത്.

മത്സരം വേണം

ഒരു നാട്ടില്‍ രണ്ട് കടകള്‍ ഉണ്ടെങ്കില്‍ ആ രണ്ട് കടകളും മികച്ച സേവനം നല്‍കി ആളുകളെ ആകര്‍ഷിക്കും. പക്ഷെ ഒരു കട മാത്രമേ ഉള്ളു എങ്കില്‍ ആ കടയുടെ മുതലാളി പറയുന്നതാണ് വില, പറയുന്ന പോലെയാണ് കാര്യങ്ങള്‍. അവിടെ നിന്ന് വാങ്ങുക എന്നതല്ലാതെ മറ്റ് ഓപ്ഷനുകള്‍ നാട്ടിലുള്ളവര്‍ക്കില്ല. ഇത് തന്നെയാണ് ജിയോയിലൂടെ ഇന്ത്യയില്‍ സംഭവിക്കുന്നത്.

മത്സരിച്ച് തോറ്റുനില്‍ക്കുന്ന ടെലികോം കമ്പനികള്‍ നിലനില്‍പ്പില്ലാതെ പൂര്‍ണമായും കളമൊഴിയുന്ന അന്ന് മുതല്‍ ജിയോ പറയുന്നതാണ് വില, ജിയോ പറയുന്നതാണ് കാര്യങ്ങള്‍. ജനങ്ങള്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ല.

ഇത് തന്നെയാകാം ഇന്ത്യന്‍ ടെലികോമിന്റെയും ഉപഭോക്താക്കളുടെയും ഭാവി.

Content Highlight: Central gov asks TRAI’s view on regulating internet calls, which will eventually help Reliance Jio and Mukesh Ambani

സഫല്‍ റഷീദ്

We use cookies to give you the best possible experience. Learn more