national news
എന്‍.സി.ഇ.ആര്‍.ടി പാഠ്യ പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 19, 03:43 am
Sunday, 19th June 2022, 9:13 am

ന്യൂദല്‍ഹി: പാഠ്യ പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്താന്‍ ദേശീയ വിദ്യാഭ്യാസ പരിശീലന കൗണ്‍സിലിന്  (എൻ.സി.ഇ.ആർ.ടി) നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് ദേശീയ യോഗ ഒളിമ്പ്യാഡ് – 2022നെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.

സ്‌പോര്‍ട്‌സ് ഇന്റഗ്രേറ്റഡ് പഠനം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് വളര്‍ത്താനും, യോഗ പോലുള്ളവ ആജീവനാന്ത ശീലമായി സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ യോഗ ഒളിമ്പ്യാഡുകള്‍ നടത്താനും പ്രധാന്‍ എന്‍.സി.ആര്‍.ടി.സിയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2022 ജൂണ്‍ 18 മുതല്‍ 20 വരെ വിദ്യാഭ്യാസ മന്ത്രാലയവും നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങും സംയുക്തമായാണ് ദേശീയ യോഗ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.

Content Highlight: Central educational minister suggested NCERT to include yoga in syllabus