| Monday, 13th February 2023, 7:38 pm

ചരിത്രം തിരുത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല, കേന്ദ്ര ലക്ഷ്യം ചരിത്രത്തെ വിപുലമാക്കലാണ്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തിന്റെ ചരിത്രം മാറ്റി മറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം വ്യാപകമാവുന്നതിനിടയില്‍ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

ചരിത്രം തിരുത്താനല്ല, മറിച്ച് വിപുലമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, ആരോപണങ്ങള്‍ അനാവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. 1200 വര്‍ഷത്തിലധികം നീണ്ടുനിന്ന വിദേശ ഭരണം രാജ്യത്തെ പല ചരിത്ര സംഭവങ്ങളെയും അവഗണിച്ചെന്നും, ഇത് തിരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട് എം.പി കെ.സുബ്ബരായന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.

‘ഐ.സി.എച്ച്.ആറിന് കീഴില്‍ ചരിത്രം തിരുത്തിയെഴുതാനുള്ള യാതൊരു പദ്ധതികളും ആലോചിച്ചിട്ടില്ല. അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പകരം ചരിത്രത്തിലെ വിടവ് നികത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ചരിത്ര പുസ്തകത്തില്‍ ഉള്‍പ്പെടാതെ പോയ സംഭവങ്ങള്‍, വ്യക്തികള്‍, സമരങ്ങള്‍ എന്നിവയൊക്കെ ഇനി ചരിത്രത്തിന്റെ ഭാഗമാക്കപ്പെടും,’ മന്ത്രി പറഞ്ഞു.

തെലുങ്ക് സ്വാതന്ത്ര സമര സേനാനി അല്ലൂരി സീതാരാമ രാജു, ഒഡീഷയിലെ ജഗ്ബന്ദു ബിമാദര്‍ മഹാപത്ര എന്നിവരെയും, മംഗര്‍ ദാമിലെ ബ്രിട്ടീഷ് കൂട്ടകൊലകളെയും പ്രതിപാദിച്ച് സംസാരിച്ച മന്ത്രി ഇവയേയെല്ലാം ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ മനപൂര്‍വ്വം അവഗണിച്ചെന്ന് കുറ്റപ്പെടുത്തി.
ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഐ.സി.എച്ച് ആര്‍ പുറത്തിറക്കിയ പോസ്റ്ററില്‍ നെഹ്റുവിന്റെ ഫോട്ടോ ഉള്‍പ്പെടുത്താത്തത് വലിയ വിവാദമാവുകയും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Content Highlight: Central Education Minister says they are not rewriting the history, but expanding it

We use cookies to give you the best possible experience. Learn more