| Thursday, 23rd December 2021, 11:35 pm

പരാതികള്‍ക്കിടെ ബൈജൂസിന്റെ പേരെടുത്ത് പറയാതെ മുന്നറിയിപ്പ്; എഡ്യുടെക് കമ്പനികളുടെ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ ലോണ്‍ വില്‍പന നടത്തുന്നു എന്ന ആരോപണത്തിനിടെ ബൈജൂസ് ആപ്പിന്റെ പേരെടുത്ത് പറയാതെ കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ മുന്നറിയിപ്പ്.

വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങളുടെ ഓഫര്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തണം. ചില എഡ്യുടെക് കമ്പനികള്‍ സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ മാന്‍ഡേറ്റ് ഒപ്പിടുന്നതിനും ഓട്ടോ-ഡെബിറ്റ് ഫീച്ചര്‍ നല്‍കുന്നതിനും രക്ഷിതാക്കളെ വശീകരിക്കുന്നതായി സാക്ഷരതാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

‘വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യയുടെ വ്യാപകമായ സ്വാധീനം കണക്കിലെടുത്ത്, എഡ്യുടെക് കമ്പനികളും കോഴ്സുകള്‍, ട്യൂട്ടോറിയലുകള്‍, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് എന്നിവ ഓണ്‍ലൈന്‍ മോഡില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ഉള്ളടക്കവും കോച്ചിംഗും തെരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷിതാക്കളില്‍ നിന്നും മുന്‍ജീവനക്കാരില്‍ നിന്നും ബൈജൂസിനെതിരെ വ്യാപക പരാതി ഉയരുന്നതായി ബി.ബി.സി കണ്ടെത്തിയിരുന്നു. വാഗ്ദാനം ചെയ്ത സേവനങ്ങളും റീഫണ്ടും കമ്പനി നല്‍കുന്നില്ലെന്നാണ് പരാതി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ മുന്നറിയിപ്പ്.

രക്ഷിതാക്കളെ നിരന്തരമായി ഫോണില്‍ വിളിക്കുന്നതാണ് കമ്പനിയുടെ വില്‍പന തന്ത്രം. എന്നാല്‍ റീഫണ്ടിനായി വിളിച്ചാല്‍ സെയില്‍സ് ഏജന്റ്റുമാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ ബി.ബി.സിയോട് പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചിരുന്നു. തങ്ങളുടെ ഉല്‍പന്നത്തിന്റെ മൂല്യം മനസിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്ത രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ഇത് വാങ്ങാന്‍ തയാറാകുന്നതെന്നാണ് കമ്പനിയുടെ വാദം.

ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ബൈജൂസ് ആപ്പിനുള്ളത്. 2011ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Central Department of Education issued a warning without naming the Baijus app during the allegations

We use cookies to give you the best possible experience. Learn more