'കുത്തബ് മിനാര്‍ ഖനനത്തില്‍ തീരുമാനമെടുത്തിട്ടില്ല'; വാര്‍ത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി
national news
'കുത്തബ് മിനാര്‍ ഖനനത്തില്‍ തീരുമാനമെടുത്തിട്ടില്ല'; വാര്‍ത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 7:43 am

ന്യൂദല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കെ റെഡ്ഢി. കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന ഹിന്ദുത്വ വാദികളുടെ ആരോപണത്തെ തുടര്‍ന്ന് കുത്തബ് മിനാറില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്ത.

കുത്തബ് മിനാറിന്റെ തെക്ക് 15 മീറ്റര്‍ അകലെ ഖനനം നടത്താനാണ് അനുമതി ലഭിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് നിലവില്‍ സാംസ്‌കാരിക മന്ത്രാലയം തള്ളിയത്.

കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനാണ് സര്‍വേയ്ക്ക് അനുമതി നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതികരണം.

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ചരിത്ര സ്മാരകമായ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയത്. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹം കണ്ടെത്തിയെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ ആരോപണം.

കുത്തബ് മിനാറിനോട് ചേര്‍ന്ന് സ്ഥതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ മൂന്ന് തൂണികളില്‍ ഒന്നില്‍ നിന്നാണ് കൊത്തി വെച്ച വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു.

ഈ വിഗ്രഹങ്ങള്‍ കുത്തബ് മിനാര്‍ നിര്‍മിതമായ കാലം തൊട്ട് നിലനില്‍ക്കുന്നുണ്ടെന്നും ഇപ്പോള്‍ ഈ വിഗ്രഹത്തിന് മേല്‍ ആരോപണമുന്നയിക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നേരത്തെ കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ ‘വിഷ്ണു സ്തംഭം’ ആണെന്നും 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചെതന്നുമായിരുന്നു ആരോപണം.
വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് വിനോദ് ബന്‍സാലാണ് ആരോപണം ഉന്നയിച്ചത്.

 

Content Highlight: Central culture ministry refused that it had given permission to ASI to conduct survey in Qutub Minar