ന്യൂദല്‍ഹി: ബംഗാള്‍ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്റെ നടപടി പാര്‍ട്ടി തീരുമാനത്തിന് അനുസൃതമായിരുന്നില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി. പാര്‍ട്ടി നയത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്നും ബംഗാള്‍ ഘടകവുമായി ചര്‍ച്ചചെയ്ത് പാര്‍ട്ടി തുടര്‍നടപടിയെടുക്കുമെന്നും കേന്ദ്രകമ്മറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്രകമ്മിറ്റിയില്‍ 75 പേര്‍ ബംഗാള്‍ ഘടകത്തിന്റെ നടപടിയെ എതിര്‍ത്തു. അഞ്ചുപേര്‍ വിട്ടുനിന്നു. ബംഗാള്‍ പാര്‍ട്ടി ഘടകത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നയത്തോട് യോജിച്ചല്ല ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.
അതേസമയം, കേന്ദ്രകമ്മിറ്റിയില്‍ നിന്നും ജഗ്മതിയുടെ രാജി അപ്രതീക്ഷിതമായിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യോഗത്തിനിടെ എഴുന്നേറ്റുനിന്ന ജഗ്മതി രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇരിക്കൂ, പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ത്രിപുര മുഖ്യമന്ത്രി കൂടിയായ മണിക് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ചെവികൊടുക്കാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.
കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാള്‍ ഘടകത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഹരിയാന ജനറല്‍ സെക്രട്ടറി കൂടിയായ കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാങ്വാന്‍ രാജിവെച്ചത്. ഇതിനു പിന്നാലെ ഇവരെ പുറത്താക്കി പിബി വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് ജഗ്മതിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതെന്ന് കുറിപ്പില്‍ വിശദീകരിക്കുന്നു.
വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ചരക്കു സേവന നികുതി സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ അടുത്തമാസം 11 മുതല്‍ 17 വരെ സി.പി.ഐ.എം ദേശീയതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. തൃണമൂല്‍ അക്രമങ്ങള്‍ക്കെതിരെ ജൂലൈ ആദ്യവാരം പാര്‍ട്ടി പ്രക്ഷോഭം സംഘടപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.