national news
കോണ്‍ഗ്രസ്സുമായി സഹകരണം; സി.പി.ഐ.എം കേന്ദ്രക്കമ്മറ്റിയില്‍ നാളെ വോട്ടെടുപ്പ്: അന്തിമതീരുമാനം വോട്ടെടുപ്പിന് ശേഷമെന്ന് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 20, 06:10 pm
Saturday, 20th January 2018, 11:40 pm

ന്യൂദല്‍ഹി: സി.പി.ഐ.എം- കോണ്‍ഗ്രസ്സ് സഹകരണം സംബന്ധിച്ച തര്‍ക്കത്തില്‍ സമവായത്തിനുള്ള സാധ്യതയില്ല. ഇക്കാര്യം നാളെ വോട്ടിംഗിലൂടെ തീരുമാനമാകുമെന്ന് സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അറിയിച്ചു.

കോണ്‍ഗ്രസ്സുമായി യാതൊരു ധാരണയ്ക്കും തയ്യാറല്ലെന്നാണ് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ്  കാരാട്ട് പക്ഷം.

ഇതേത്തുടര്‍ന്നാണ് തീരുമാനം വോട്ടെടുപ്പിലൂടെയാകാമെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചത്. അതേസമയം എട്ട് സംസ്ഥാനകമ്മിറ്റികള്‍ യെച്ചൂരിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

വോട്ടെണ്ണലില്‍ രേഖ തള്ളിയാലും യെച്ചൂരി ജനറല്‍ സെക്രട്ടറിസ്ഥാനം രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബംഗാള്‍ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സുമായി യാതൊരു തരത്തിലുള്ള സഹകരണവും വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്രക്കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്താങ്ങിയത്. കേരളഘടകവും കാരാട്ടിനൊപ്പമാണ് .

സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നയം രൂപീകരിക്കുകയെന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.