സാക്ഷര കേരളത്തിലെ ഇത്തരം ക്രൂരകൃത്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നത്; നരബലിയില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര വനിതാ കമ്മീഷന്‍
Kerala News
സാക്ഷര കേരളത്തിലെ ഇത്തരം ക്രൂരകൃത്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നത്; നരബലിയില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര വനിതാ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th October 2022, 3:08 pm

ന്യൂദല്‍ഹി: കേരളത്തില്‍ നടന്ന നരബലി ഞെട്ടിക്കുന്നതെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. കേരളത്തെ പോലെ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് നിന്നും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ശര്‍മ വ്യക്തമാക്കി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

‘സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരില്‍ ഇത്തരം ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് രാജ്യത്തെ ഓരോ പൗരനും ബോധ്യമുണ്ടാകണം,’ രേഖ ശര്‍മ കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

പത്തനംതിട്ട തിരുവല്ലയിലായിരുന്നു നരബലി നടന്നത്. പത്മ, റോസ്‌ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് കൊല നടത്തിയത്.

പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫി ഇവരെ തിരുവല്ലയിലെത്തിച്ചത്. നരബലി നടത്തിയാല്‍ കുടുംബത്തിന് സാമ്പത്തികമായി വളര്‍ച്ചയുണ്ടാകുമെന്ന് ഷാഫി ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതി സ്ത്രീകളെ തിരുവല്ലയില്‍ എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

തൃശൂര്‍ സ്വദേശിനിയായ റോസ്‌ലിയാണ് ആദ്യം ഷാഫിയുടെ വലയിലായത്. കടവന്ത്രയില്‍ ലോട്ടറി വില്‍പനക്കാരിയാണ് റോസ്‌ലി. ഇവരെ കാണാനില്ലെന്ന പരാതി ഓഗസ്റ്റില്‍ പൊലീസിന് ലഭിച്ചിരുന്നു.

സെപ്റ്റംബറിലാണ് പത്മ എന്ന തമിഴ്‌നാട് സ്വദേശിനിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇരുവരുടേയും മൊബൈല്‍ സിഗ്നല്‍ തിരുവല്ലയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് ഇരു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

തിരുവല്ലയില്‍ തിരുമ്മല്‍ കേന്ദ്രം നടത്തുകയാണ് ദമ്പതികള്‍. ഇവര്‍ക്ക് സാമ്പത്തികമായി പുരോഗതിയുണ്ടാകുമെന്ന് പറഞ്ഞാണ് ഷാഫി നരബലിക്ക് നേതൃത്വം കൊടുക്കുന്നത്. ആദ്യ കൊലപാതകം നടത്തി ദിവസങ്ങള്‍ക്ക് ശേഷവും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാതിരുന്നതോടെ ദമ്പതികള്‍ ഷാഫിയെ വീണ്ടും സമീപിക്കുകയായിരുന്നു. തങ്ങള്‍ക്ക് ശാപമുണ്ടായിരുന്നെന്നും അതിനാലാണ് ആദ്യത്തെ ബലി സ്വീകരിക്കാതിരുന്നതെന്നുമാണ് ഷാഫി ദമ്പതികള്‍ക്ക് മറുപടി നല്‍കിയത്. രണ്ടാം ബലിയില്‍ വിഗ്നങ്ങള്‍ ശരിയാകുമെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. ഇതിനായുള്ള സ്ത്രീയെ താന്‍ എത്തിക്കാമെന്നും ഷാഫി ദമ്പതികള്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് പത്മയെ തിരുവല്ലയില്‍ എത്തിക്കുന്നതും കൊലപ്പെടുത്തുന്നതും.

മൃഗീയമായ കൊലപാതകമാണ് ഷാഫിയുടെ നേതൃത്വത്തില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളെ കബളിപ്പിച്ച് തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷമായിരുന്നു കൊല നടത്തിയത്. സ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം ഇരുവരേയും വീടിന് പിന്നിലെ പറമ്പില്‍ വെട്ടിനുറുക്കിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു.

നിലവില്‍ കേസില്‍ ഉള്‍പ്പെട്ട ഏജന്റ് ഷാഫി, ദമ്പതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Content Highlight: Central Commission for Women seeks report on human sacrifice