ന്യൂദല്‍ഹി: അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിനെ വിമര്‍ശിച്ച് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഓണ്‍ലൈന്‍ ഷോപ്പിംഗിലെ ഒന്നാം സ്ഥാനക്കാരായ ഇവര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയാലും അതുകൊണ്ട് രാജ്യത്തിന് പ്രത്യേക ലാഭമൊന്നുമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അതിന്റെ നഷ്ടം രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കാണെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ചെറുകിട കര്‍കഷരെ തകര്‍ക്കാന്‍ ആമസോണ്‍ ഉത്പന്നങ്ങളുടെ വില ഭീമമായി വര്‍ധിപ്പിച്ചെന്നും ഇത് അവരുടെ വില്‍പ്പനതന്ത്രമാണെന്നും മന്ത്രി പറഞ്ഞു.
‘ആമസോണ്‍ ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞാല്‍ നമ്മളെല്ലാവരും സന്തോഷിക്കും. എന്നാല്‍ ഈ ഒരു ബില്ല്യണ്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പരിപോഷിക്കാനോ സഹായിക്കാനോ ഉള്ളതല്ല.
ഈ കച്ചവടത്തില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കൊള്ളലാഭത്തിന്റെ മണം അനുഭവപ്പെട്ടോ? നമ്മുടെ രാജ്യത്ത് സഹായത്തിന് അര്‍ഹതയുള്ള ഒരു വലിയ വിഭാഗം തന്നെയുണ്ട്. അതിനാല്‍ ഇത്തരത്തില്‍ ജോലിയുടേയും മറ്റ് അവസരങ്ങളുടേയും കാര്യം വരുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും അവരെ സഹായിക്കണം.
ഞാന്‍ ഒരിക്കലും ഇ-കൊമേഴ്‌സ് ഇല്ലാതാകണമെന്ന് അഭിപ്രായപ്പെടുന്നില്ല. എന്നാല്‍ ഇത്തരം വ്യവസായങ്ങള്‍ യു.എസിലേയും യൂറോപ്പിലേയും
ചെറുകിട കര്‍ഷകര്‍ക്ക് വരുത്തിയ ദുരനുഭവം നാം കണ്ടതാണ്. അതിനാല്‍ ഇത്തരം വ്യവസായങ്ങള്‍ നമ്മുടെ വിപണിയിലുണ്ടാക്കുന്ന ഇടപെടലുകള്‍ നാം ജാഗ്രതയോടെ വീക്ഷിക്കണം,’ പീയുഷ് ഗോയല്‍ പറഞ്ഞു.
‘ഇന്ത്യയിലെ തൊഴില്‍, ഉപഭോക്തൃ ക്ഷേമത്തില്‍ ഇ-കൊമേഴ്‌സിന്റെ സമ്മര്‍ദ്ദം’ എന്ന വിഷയത്തില്‍ ‘പഹെലെ ഇന്ത്യ’ ഫൗണ്ടേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാശിപ്പിക്കുന്നതിനിടയെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ വ്യാവസായിക രംഗത്ത് ആമസോണ്‍, വാള്‍മാര്‍ട്ട് എന്നീ കമ്പനികള്‍ ബില്ല്യണ്‍ കണക്കിന് നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നടത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ രാജ്യത്തെ ചെറുകിട കര്‍ഷകരെ ദോഷകരമായി ബാധിച്ചിരുന്നു.
എന്നാല്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് ഇന്ത്യയില്‍ വിപണി തുടങ്ങാന്‍ സഹായിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളും ഈ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
Content Highlight: Central commerce minister criticize Amazon on it’s predatory price strategy against local retailers