ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. 15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വ്യാജ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും നരേന്ദ്ര മോദി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മനീഷ് സിസോദിയ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദല്‍ഹി പൊലീസിനും ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘സി.ബി.ഐയ്ക്ക് പ്രധാനമന്ത്രി 15 നേതാക്കന്മാരുടെ പേരുകള്‍ അടങ്ങിയ പട്ടിക നല്‍കിയതായി വിശ്വസനീയമായ കേന്ദ്രത്തിന്‍ നിന്നാണ് അറിഞ്ഞത്. ഈ ലിസ്റ്റിലുള്ള പലരും ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കളാണ്,’ സിസോദിയ പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കും ദല്‍ഹി പൊലീസിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുമെന്ന് ദല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന പ്രധാനമന്ത്രിയ്ക്ക് വാഗ്ദാനം ചെയ്തതായും സിസോദിയ പറഞ്ഞു.
‘രാകേഷ് അസ്താന മോദിജിയടെ ബ്രഹ്മാസ്ത്രമാണ്. എന്തുസംഭവിച്ചാലും തന്നെ ഏല്‍പിച്ച ജോലി ചെയ്യുമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് വാക്കുനല്‍കിയിട്ടുണ്ട്,’ സിസോദിയ പറഞ്ഞു.
ദല്‍ഹിയ്ക്ക് പുറമെ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ആം ആദ്മി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനാലാണ് പാര്‍ട്ടി നേതാക്കളെ ഉന്നം വെച്ച് കേന്ദ്രം നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിസോദിയയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. സിസോദിയയുടെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ഞങ്ങള്‍ക്കെതിരേ ഇതിന് മുമ്പും നിരവധി വ്യാജ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഒന്നും കിട്ടിയില്ല. നിങ്ങള്‍ വീണ്ടും വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡുകള്‍ നടത്താനും ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് സ്വാഗതം,’ എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്.
ഇരുവരുടേയും പ്രസ്താവനയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ ദല്‍ഹി പൊലീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ആം ആദ്മിയ്‌ക്കെതിരെ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്യ രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
‘സി.ബി.എ കൂട്ടിലടച്ച തത്തയായിരുന്നത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു. എന്‍.ഡി.എ ഭരണത്തില്‍ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും സുതാര്യതയും പരമാധികാരവും ഉണ്ട്. അവര്‍ നിയമത്തിനനുസരിച്ച് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്,’ ഭാട്യ അവകാശപ്പെട്ടു.
സിസോദിയയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ആം ആദ്മി കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയും പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Central agencies told to file false cases against 15 politicians: Manish Sisodia