| Sunday, 20th June 2021, 7:08 pm

കേന്ദ്ര ഏജന്‍സികളുടെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ എത്രയും പെട്ടെന്ന് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കണം; ഉദ്ദവ് താക്കറെയ്ക്ക് ശിവസേന എം.എല്‍.എയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്ര ഏജന്‍സികളുടെ റെയ്ഡില്‍ നിന്ന് രക്ഷ തേടാന്‍ എത്രയും പെട്ടെന്ന് ബി.ജെ.പിയുമായി സഖ്യം ചേരണമെന്ന് ശിവസേന എം.എല്‍.എ. പ്രതാപ് സര്‍നായിക്. ഇക്കാര്യമാവശ്യപ്പെട്ട് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയ്ക്ക് സര്‍നായിക് കത്തയച്ചു.

മുംബൈ, താനെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തതിനാല്‍ ഒട്ടും വൈകാതെ മുന്‍ സഖ്യകക്ഷിയുമായി ബന്ധം സ്ഥാപിക്കണമെന്നാണ് സര്‍നായികിന്റെ ആവശ്യം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരന്തരം അപമാനിക്കുകയാണെന്നും സര്‍നായിക് പറയുന്നു.

‘പല കേന്ദ്ര ഏജന്‍സികളും എനിക്കും മറ്റ് നേതാക്കളായ അനില്‍ പരബിനും രവീന്ദ്ര വൈക്കര്‍ക്കും പിന്നാലെയാണ്. ഞങ്ങളേയും കുടുംബത്തേയും നിരന്തരം അപമാനിക്കുന്നു,’ സര്‍നായിക് പറഞ്ഞു.

മോദിയുമായി നല്ല ബന്ധമുണ്ടാകുന്നത് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ നല്ലതായിരിക്കുമെന്നും സര്‍നായിക് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 10 നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി സര്‍നായിക് കത്ത് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍നായികിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായിരുന്ന ശിവസേന, എം.വി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Central Agencies Harassing, Let’s Join Hands With BJP Again Shivena MLA

We use cookies to give you the best possible experience. Learn more