തിരുവനന്തപുരം: കേരള സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളും കേരളത്തിലെ സി.പി.ഐ.എമ്മും തമ്മില്‍ ധാരണയിലാണെന്നും
ഇപ്പോള്‍ കൊടുത്തിരിക്കുന്ന കുറ്റസമ്മത മൊഴിയില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നടപടി എടുക്കുമെന്ന് ജനം ഉറ്റുനോക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
‘കുറ്റസമ്മതത്തില്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ച് പോയി. അതിന് കേരളത്തിലെ ബി.ജെ.പി നേതൃത്വവും കേന്ദ്ര ബി.ജെ.പി നേതൃത്വവും ഉത്തരം പറയണം.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. സര്‍ക്കാരിനെതിരെയുള്ളത് ഗൗരവമുള്ള ആരോപണമാണ്,’ വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
കോടതിയുടെ വരാന്തയില്‍ നില്‍ക്കാത്ത കേസാണ് സ്വപ്നക്കെതിരെ എടുത്തിട്ടുള്ളത്. ഇനി ഒരാളും പരാതി നല്‍കാതിരിക്കാന്‍ ബോധപൂര്‍വ്വമായ നീക്കമാണ് നടക്കുന്നത്. സ്വപ്നയുടെ മൊഴിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുകയാണ്. കേരളം വെള്ളരിക്കാ പട്ടണമല്ല. ഇതിന്റെ പകുതി ശുഷ്‌കാന്തി വാളയാര്‍ കേസിലും അട്ടപ്പാടി മധു കേസിലും സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ കാര്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പിന് കേരളത്തിലെ ബി.ജെ.പി നേതാക്കളും മറുപടി പറയണം. കാലം കണക്ക് ചോദിക്കുന്ന പ്രകൃതി നിയമമാണ് ഇവിടെ നടക്കുന്നത്.
സര്‍ക്കാരിനെതിരായ പ്രതിഷേധം യു.ഡി.എഫ് കടുപ്പിക്കും. പി.സി. ജോര്‍ജിന് എന്തു പ്രസക്തിയാണ് ഈ കേസില്‍ ഉള്ളത്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം സ്വപ്ന സുരേഷും പി.എസ്. സരിത്തും നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി.
കെ.ടി. ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഹരജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പി.എസ്. സരിത്ത് നിലവില്‍ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സ്വപ്ന സുരേഷ് നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പല ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും ഹരജി ഉടന്‍ പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കപ്പെടുന്നത് എന്തിനെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Central agencies, CPI (M) in Kerala reach agreement on gold smuggling case: VDSatheesan