മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷനു സ്റ്റേ; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമര്‍ശനം
D' Election 2019
മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷനു സ്റ്റേ; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 9:57 pm

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ സസ്‌പെന്‍ഷന് സ്റ്റേ. സന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെതാണു നടപടി. ഒഡീഷയില്‍ നിരീക്ഷകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് മുഹ്‌സിന്‍ ഐ.എ.എസിനെ സസ്‌പെന്റ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്കാണ് സ്റ്റേ.

എന്തിനും ഏതിനും എസ്.പി.ജിക്ക് അധികാരമുണ്ടെന്നു പറയാനാകില്ലെന്ന് സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത് ട്രൈബ്യൂണല്‍ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വാഹനങ്ങള്‍ ഒന്നിലേറെ തവണയും ഒഡീഷ മുഖ്യമന്ത്രിയുടെ വാഹനം ഒരു തവണയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

ഒഡീഷയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്‌സര്‍വര്‍ ആയി നിയോഗിച്ചിരുന്ന കര്‍ണാടകയില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹസിനെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്.പി.ജി ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍നിന്നു പെട്ടി കടത്തിയ സംഭവം വെളിപ്പെട്ടതിനു പിന്നാലെയാണ് ഒഡീഷയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടന്നത്.

അതേസമയം മോദിയുടെ വിമാനത്തിലെ ദുരൂഹ പെട്ടികള്‍ കടത്തിയതു സംബന്ധിച്ചും ട്രൈബ്യൂണല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇതു സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. വിഷയങ്ങളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ട്രൈബ്യൂണല്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനോടും നിര്‍ദേശിച്ചു.

മോദി വരുന്നതിനു തലേദിവസം സാംബല്‍പുരിലെത്തിയ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.