കോഴിക്കോട്: പുഴുങ്ങിയ മുട്ട തോടു പൊളിച്ചു നോക്കുമ്പോള്‍ അതിനകത്ത് പഴുതാരയെ കണ്ടാല്‍ ആളുകള്‍ മുട്ട വ്യാജമാണെന്ന് സംശയിക്കുന്നത് സ്വാഭാവികം. എന്നാല്‍ ഇതിനു പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ ആരോഗ്യവിഭാഗം തന്നെ മുട്ട പ്ലാസ്റ്റിക്കാണെന്ന് സംശയിച്ചാലോ? അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം ഉണ്ടായത്.
ബങ്കളം കൂട്ടപ്പുന്നയിലെ എം.വി. രാജന്‍ കള്ളിപ്പാലയുടെ വീട്ടിലാണു സംഭവം ഉണ്ടായത്. വീടിനു സമീപത്തെ കടയില്‍ നിന്നു വാങ്ങിയ ഏഴു മുട്ടകളില്‍ അഞ്ചെണ്ണം കറിയുണ്ടാക്കാനായി പുഴുങ്ങിയപ്പോഴാണു സംഭവമെന്നും വിവരമറിഞ്ഞ് ഒട്ടേറെ പേര്‍ രാജന്റെ വീട്ടിലെത്തിയെന്നും “വനിത” ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലാസ്റ്റിക് മുട്ടയാണോയെന്ന സംശയത്തിലാണു പ്രാഥമിക പരിശോധന നടത്തിയ ആരോഗ്യ വിഭാഗമെന്നും വനിത റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്ലാസ്റ്റിക്ക് മുട്ടയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം നേരത്തേ പുറത്തു വന്നതാണ്. പഴുതാര ഉള്‍പ്പെടെയുള്ള ജീവികള്‍ ഉണ്ടാകാന്‍ പ്ലാസ്റ്റിക്ക് മുട്ട തന്നെ വേണമെന്നില്ല. യഥാര്‍ത്ഥ കോഴിമുട്ടയിലും ചെറു ജീവികള്‍ ഉണ്ടാകാം എന്നും ഇത് എങ്ങനെയാണെന്നും വിശദീകരിച്ച് പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പി.എച്ച്.ഡി സ്‌കോളറായ അരുണ്‍. ടി. രമേഷ്. കോഴിമുട്ടയ്ക്കുള്ളില്‍ പഴുതാരയെ കാണുന്നത് അസ്വാഭാവികമാണെങ്കിലും അസാധ്യമായ ഒന്നല്ല എന്ന് പോസ്റ്റില്‍ പറയുന്നു.
അരുണ്‍ ടി. രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
“പ്ലാസ്റ്റിക് മുട്ടയ്ക്കുള്ളിലെ പഴുതാര”
“കോഴിമുട്ട പൊളിച്ചപ്പോള്‍ പഴുതാരയെ കണ്ടാല്‍ സംശയമൊന്നും വേണ്ട, പ്ലാസ്റ്റിക് മുട്ട ഉണ്ടാക്കുമ്പോള്‍ അബദ്ധത്തില്‍ കുടുങ്ങിയതാകാനേ സാധ്യതയുള്ളൂ”.
കേരളത്തില്‍ പ്ലാസ്റ്റിക് മുട്ട വ്യാപകമാകുന്നു എന്ന വാര്‍ത്ത കുറച്ചു വര്‍ഷമായി പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമൊക്കെ കാണുന്നതു കൊണ്ട് ഈ നിഗമനത്തിലെത്തിയവരെ കുറ്റം പറയാന്‍ പറ്റില്ല.
മുട്ടയ്ക്കുള്ളില്‍ പഴുതാരയെ കാണുന്നത് അസ്വാഭാവികമായ വാര്‍ത്ത തന്നെയാണ്, പക്ഷെ അസാധ്യമായ ഒന്നല്ല. കോഴിമുട്ടയ്ക്കുള്ളില്‍ അന്യ പദാര്‍ത്ഥങ്ങള്‍ കാണുന്നത് ആദ്യമായിട്ടല്ല.
മുട്ടയ്ക്കുള്ളില്‍ വിരകളെ കണ്ടെത്തിയ നൂറു കണക്കിന് റിപ്പോര്‍ട്ടുകളുണ്ട്. അതെല്ലാം കോഴികളില്‍ തന്നെ കാണപ്പെടുന്ന ഉരുളന്‍ വിരകളാണ്. ദഹന, ജനനേന്ദ്രിയവ്യൂഹങ്ങള്‍ക്ക് പൊതുവായി ഒരു ബാഹ്യദ്വാരമേയുള്ളൂ എന്നതു കൊണ്ട് കുടലില്‍ നിന്നു വരുന്ന വിരകള്‍ യോനിയിലൂടെ അകത്തു കടത്താനുള്ള സാധ്യത കൂടുതലാണ്.
മുട്ടയ്ക്കുള്ളില്‍ പഴുതാരയോ വിരയോ എത്തിപ്പെടാനുള്ള സാധ്യത മനസ്സിലാക്കുന്നതിന്
കോഴിയുടെ ശരീരത്തില്‍ മുട്ട രൂപപ്പെടുന്ന പ്രക്രിയ മനസ്സിലാക്കേണ്ടതുണ്ട്.
വീഡിയോ കാണാം:
അണ്ഡാശയത്തില്‍ നിന്നും വളര്‍ച്ച പൂര്‍ത്തിയായി പുറത്തിറങ്ങുന്ന അണ്ഡകോശം 26 ഇഞ്ച് നീളമുള്ള അണ്ഡനാളിയിലൂടെയുള്ള 24-26 മണിക്കൂര്‍ നീണ്ട യാത്രയിലാണ് “കോഴിമുട്ട”യായി മാറുന്നത്.
അണ്ഡനാളിയുടെ ഫണല്‍ പോലിരിക്കുന്ന Infndibulum എന്ന ഭാഗമാണ് അണ്ഡത്തെ ആദ്യം സ്വീകരിക്കുന്നത്. ഇവിടെ
വച്ചാണ് അണ്ഡ ബീജ സങ്കലനം നടക്കുന്നത്. ഇവിടെ നിന്നും പുറത്തോട്ടുള്ള യാത്രയില്‍ അണ്ഡത്തിനു മുകളില്‍ ആല്‍ബുമിന്‍ (വെള്ളക്കരു) “മാഗ്‌ന”ത്തില്‍ വെച്ചും, നേര്‍ത്ത കോശസ്തരം (പാട) Isthumus ല്‍ വെച്ചും, മുട്ടയുടെ തോട് shell gland ല്‍ വെച്ചും രൂപപ്പെടുന്നു.
Infundibulum ത്തില്‍ നിന്ന് peristaltic movement വഴി നീങ്ങുന്ന മുട്ട ഏതെങ്കിലുമൊരു ഘട്ടത്തില്‍ reverse peristalsis വഴി തിരിച്ചു മുന്നോട്ട് നീങ്ങുകയാണെങ്കില്‍ വീണ്ടും അതിനു മുകളില്‍ ആല്‍ബുമിനും കോശസ്തരവും തോടുമൊക്കെ വീണ്ടും രൂപപ്പെടും. ഇങ്ങനെയാണ് egg inside an egg അഥവാ മുട്ടയ്ക്കുള്ളില്‍ മുട്ട എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
കോഴി മുട്ടയിടുന്ന സമയത്ത് ബാഹ്യ ദ്വാരം വികസിക്കുന്ന സമയത്ത് പഴുതാരയോ മറ്റോ അകത്ത് കയറാനുള്ള സാധ്യതയുണ്ട്.
അണ്ഡനാളിയില്‍ എത്തിപ്പെടുന്ന അന്യ വസ്തുക്കള്‍ പുറന്തള്ളപ്പെടുന്നില്ലെങ്കില്‍ അത് പിന്നീട് വരുന്ന മുട്ടയ്ക്കുള്ളില്‍ അകപ്പെട്ടുകയും ചെയ്യുന്നു. അതാണ് ഇവിടെ സംഭവിച്ചത്. അല്ലാതെ പ്ലാസ്റ്റിക് മുട്ട നിര്‍മ്മാണത്തില്‍ സംഭവിച്ച അബദ്ധമല്ല. കാരണം മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കപ്പുറത്ത് പ്ലാസ്റ്റിക് മുട്ട എന്നത് ഒരു മിത്ത് മാത്രമാണ്.
വ്യാവസായികാടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞ മുട്ടയുല്‍പാദിപ്പിക്കുന്ന രാജ്യത്ത് ആല്‍ഗകളില്‍ നിന്നും സംസ്‌ക്കരിച്ചെടുക്കുന്ന ആല്‍ജിനേറ്റും ജെലാറ്റിനും കൃത്രിമ നിറവും രുചിയും ചേര്‍ത്ത് കൃത്രിമ മുട്ടയുണ്ടാക്കാന്‍ മാത്രം മണ്ടന്‍മാരല്ല മുട്ട വ്യവസായികള്‍. ജെലാറ്റിന്‍ മുട്ടയുടെ രുചി മനസ്സിലാകാതിരിക്കാന്‍ മാത്രം മണ്ടന്‍മാരല്ല, അരി ഭക്ഷണവും മുട്ടയും കഴിക്കുന്ന നമ്മള്‍ ഉപഭോക്താക്കളും :)
അപ്പോള്‍, പഴുതാര വാര്‍ത്തയോടെ “പ്ലാസ്റ്റിക് മുട്ട” എന്ന മിത്ത് തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല.
ധൈര്യമായി മുട്ട വാങ്ങി ബുള്‍സൈയും “ഓംപ്ലെയ്റ്റു”മൊക്കെ അടിച്ച് കഴിച്ചോളൂ.
(ചിത്രം കടപ്പാട്: മനോരമ)
Click Here to Follow Doolnews on Facebook