ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) നടപ്പിലാക്കിയില്ലെങ്കില്‍ തമിഴ്‌നാടിന് ലഭിക്കേണ്ട 5000 കോടി രൂപയുടെ ഫണ്ട് ലഭിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഭീഷണിക്കെതിരെ മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്രം തമിഴ്‌നാടിന് ഫണ്ട് തരില്ലെങ്കില്‍ കേന്ദ്രത്തിലേക്ക് നികുതി അടക്കുന്നത് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
ഫെഡറലിസത്തില്‍ അധിഷ്ഠിതമായ പരസ്പര സഹകരണം ഉറപ്പു വരുത്തുന്ന ഭരണഘടനാണ് നമ്മുടേതെന്നും നിര്‍ഭാഗ്യവശാല്‍ ഈ തത്വം മനസിലാക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് കൂടല്ലൂരിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ നാം (തമിഴ്‌നാട്) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ 5000 കോടി രൂപ ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പിരിച്ച നികുതി അടക്കാന്‍ നമ്മള്‍ വിസമ്മതിച്ചാല്‍ അവര്‍ എന്ത് ചെയ്യും. ഫെഡറലിസത്തില്‍ അധിഷ്ഠിതമായ പരസ്പര സഹകരണം ഉറപ്പവരുത്തുന്നതാണ് നമ്മുടെ ഭരണഘടന. നിര്‍ഭാഗ്യവശാല്‍ ഇന്ന് രാജ്യം ഭരിക്കുന്നത് ഈ തത്വം മനസിലാകാത്തവരാണ്,’ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ വികസിപ്പിക്കാനല്ല, മാറിച്ച് ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ തടസ്സപ്പെടുത്താനാണ് കേന്ദ്രം എന്‍.ഇ.പിയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അടിച്ചമര്‍ത്തലുകള്‍ക്ക് സമാനമായ രീതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാകാന്‍ പോകുന്നതെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു. തമിഴ് ജനതയെ വീണ്ടും പ്രകോപിപ്പിക്കരുതെന്നും ഡി.എം.കെയും താനും ഇവിടുള്ള കാലത്തോളം സംഘപരിവാര്‍ നയങ്ങള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിന് ലഭിക്കേണ്ടിയിരുന്ന വിവിധ ഫണ്ടുകള്‍ തടഞ്ഞുവെച്ചതിനെയും തമിഴ്‌നാട് മുഖ്യമന്ത്രി കൂടല്ലൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിമര്‍ശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം ജി.എസ്.ടി വഴി സംസ്ഥാനത്തിന്റെ മുഴുവന്‍ വരുമാനവും കൈക്കലാക്കുകയും അര്‍ഹമായ വിഹിതം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്‌തെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ സംയുക്ത പദ്ധതികള്‍ക്കുള്ള ഫണ്ട് നല്‍കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ തടസ്സങ്ങള്‍ക്കിടയിലും തമിഴ്‌നാടിന് വളരാന്‍ കഴിഞ്ഞെന്നും അതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ഈ പുരോഗതിയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ഇ.പി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാടിന് തടഞ്ഞുവെച്ച ഫണ്ടുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തമിഴ്‌നാടിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
പുരോഗമനപരമായ പരിഷ്‌കാരങ്ങളെ തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രീയ ഭീഷണിയായാണ് കാണുന്നത് എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തിയത്. എന്‍.ഇ.പിയോടുള്ള എതിര്‍പ്പ് തമിഴ്‌നാട് തുടര്‍ന്നാല്‍ അത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിമര്‍ശിച്ചിരിക്കുന്നത്.
content highlights: Center will not provide funds to Tamil Nadu if NEP is not implemented; Stalin said that he would have to stop paying taxes to the centre