| Friday, 8th April 2022, 8:46 am

കശ്മീര്‍ ജനതയെ ഇന്ത്യയുമായി ചേര്‍ത്തുനിര്‍ത്തുന്ന നേതൃത്വത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നു: തരിഗാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തി വരുതിയാലാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവും കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഗുപ്തര്‍ സഖ്യത്തിന്റെ വക്താവുമായ മുഹമ്മദ് യൂസുഫ് തരിഗാമി.

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്യാനാവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ടെന്നും വളരെ പഴയൊരു കേസിന്റെ പേരിലാണ് ഇപ്പോള്‍ നോട്ടീസയച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രിയുമായ മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുകയാണ്.

ജനതയെ ഇന്ത്യയോട് ചേര്‍ത്തുനിര്‍ത്തുന്ന കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തോടുള്ള അവഹേളനമാണിത്. കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ക്ക് ഇതൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്.

കേന്ദ്രത്തിന്റെ ഇത്തരം നീക്കങ്ങള്‍ കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുംവിധമുള്ള ഒരു രാഷ്ട്രീയ സാഹചര്യമുണ്ടാക്കുന്നില്ല. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 370ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം സമാധാനവും സാധാരണ നിലയും പുനസ്ഥാപിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ ഇപ്പറഞ്ഞതൊക്കെയാണ് കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി. നേരത്തെ തന്നെ യു.എ.പി.എയും ദേശസുരക്ഷാ നിയമവുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ കശ്മീരില്‍ ഉപയോഗിക്കുന്നുണ്ട്. മലയാളികളുള്‍പ്പടെയുള്ള ഇന്ത്യന്‍ ജനത ഞങ്ങള്‍ക്കുവേണ്ടി ശബ്ദിക്കണം.

കശ്മീരികള്‍ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെങ്കിലും അനുവദിക്കണം. ഞങ്ങള്‍ പ്രകോപിതരാകാറില്ല, ഞങ്ങള്‍ ജനാധിപത്യ സംവിധാനത്തിലൂടെ മാത്രമേ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും തരിഗാമി പറഞ്ഞു.

Content Highlights: Center threatens and insults Kashmiris leaders that tries to stand with says Tarigami

We use cookies to give you the best possible experience. Learn more